ഒമ്പത് വയസ്സുകാരിയായ പെൺകുട്ടിയെ പലതവണയായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അടുത്ത ബന്ധുവായ 44-കാരന് 47 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാടാമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കേസിൽ തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി.ബി. ഫസീലയാണ് വിചാരണ നടത്തി ശിക്ഷ പ്രസ്താവിച്ചത്. അതിജീവിത നാലാം ക്ലാസിൽ പഠിക്കുന്നത് മുതൽ ഏഴാം ക്ലാസിൽ പഠിക്കുന്നത് വരെയുള്ള വർഷങ്ങളിൽ പ്രതി കുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പോക്സോ നിയമത്തിലെയും ജെ.ജെ. നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ നിശ്ചയിച്ചത്. പോക്സോ നിയമത്തിലെ പ്രധാന വകുപ്പുകൾ പ്രകാരം 15 വർഷം വീതം കഠിനതടവും 50,000 രൂപ വീതം പിഴയും, ജെ.ജെ. നിയമപ്രകാരം രണ്ട് വർഷം കഠിനതടവുമാണ് വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും നാല് മാസം വീതം അധിക കഠിനതടവ് അനുഭവിക്കേണ്ടിവരും. പ്രതി ഒടുക്കുന്ന ഒന്നര ലക്ഷം രൂപ പിഴത്തുക പൂർണ്ണമായും ഇരയ്ക്ക് നൽകാൻ കോടതി ഉത്തരവായിട്ടുണ്ട്. കൂടാതെ, വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം പെൺകുട്ടിക്ക് കൂടുതൽ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദ്ദേശിക്കുകയും ചെയ്തു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
ഒമ്പത് വയസ്സുകാരിയായ പെൺകുട്ടിയെ പലതവണയായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അടുത്ത ബന്ധുവായ 44-കാരന് 47 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും












