International News

ലിയോ പതിന്നാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു.

ലിയോ പതിന്നാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു. തുടർന്ന് മുഴ നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിൽ ചൊവ്വാഴ്ച 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്കാണ് 71 കാരനായ മാർപ്പാപ്പ വിധേയനായത്.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും സങ്കീർണതകൾ ഒന്നുമില്ലെന്നും വത്തിക്കാൻ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം മാർപ്പാപ്പ സാധാരണ നിലയിൽ ഉണരുകയും, നിരീക്ഷണത്തിന് ശേഷം മുറിയിലേക്ക് മടങ്ങുകയും ചെയ്തു. പതിവ് പരിശോധനകളിലാണ് മാർപ്പാപ്പയുടെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയത്. ഏകദേശം ഒരാഴ്ചയോളം അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ബാലക്കണിയിൽ നിന്ന് പരമ്പരാഗത ഏഞ്ചലസ് പ്രാർത്ഥനയ്ക്ക് ശേഷമാണ് തന്റെ ശസ്ത്രക്രിയയെക്കുറിച്ചുള്ള വിവരം മാർപ്പാപ്പ ലോകത്തെ അറിയിച്ചത്. ശ്വാസകോശത്തിലെ മുഴ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തിയതാണെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ശസ്ത്രക്രിയയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നവംബർ ആദ്യം ലാറ്റിനമേരിക്ക സന്ദർശിക്കാൻ നിശ്ചയിച്ചിട്ടുള്ളതിനാലാണ് എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ അദ്ദേഹം തീരുമാനിച്ചതെന്ന് ടോക്കിയോയിലെ കർദിനാൾ കുകുചി തർസിസിയോ ഇസാവോ വ്യക്തമാക്കി. പെറു സന്ദർശനം മാർപ്പാപ്പയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്, കാരണം അദ്ദേഹം വർഷങ്ങളോളം അവിടെ മിഷണറിയായും ബിഷപ്പായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Related Posts

Leave a Reply