crime Kerala News

പ്രായപൂർത്തിയാകാത്ത മകൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി കൊടുങ്ങല്ലൂർ സ്വദേശി നൗഷാദ്

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത മകൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി കൊടുങ്ങല്ലൂർ സ്വദേശി നൗഷാദ്. രണ്ട് മക്കളെ ഇല്ലാത്ത കേസിൽ കുടുക്കി കൊടുങ്ങല്ലൂർ പൊലീസ് പീഡിപ്പിച്ചെന്നും ഇതിൻ്റെ മനോവിഷമത്തിലാണ് പ്രായപൂർത്തിയാകാത്ത ഇളയമകൻ ജീവനൊടുക്കിയതെന്നുമാണ് നൗഷാദിൻ്റെ ആരോപണം. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ സി ഐ ബൈജു, എസ് ഐ അതുൽ മോഹൻ എന്നിവർക്കെതിരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിനെതിരെയും ​ഗുരുതര ആരോപണങ്ങളാണ് നൗഷാദ് ഫേസ്ബുക്കിൽ ഉന്നയിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത മകനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്ത വിവരം അറിഞ്ഞ് തൻ്റെ നിർദ്ദേശ പ്രകാരം സ്റ്റേഷനിലെത്തിയ മൂത്ത പുത്രനെയും കേസിൽ കുടക്കിയെന്നും ഇതിനെ തുടർന്നാണ് പ്രായപൂർത്തിയാകാത്ത ഇളയമകൻ മുഹമ്മദ് അസ്‌ലമിൻ്റെ ആത്മഹത്യയിലേയ്ക്ക് നയിച്ച സംഭവങ്ങൾ ഉണ്ടാകുന്നതെന്നും നൗഷാദ് വെളിപ്പെടുത്തുന്നുണ്ട്. ഒരു പെൺകുട്ടിയെ ഫോണിൽ ഭീഷണിപ്പെടുത്തി 20 പവനും 50000 രൂപയും വാങ്ങിയെന്നായിരുന്നു ഇളയമകനെതിരായി കൊടുങ്ങല്ലൂർ സിഐ പറഞ്ഞ കുറ്റമെന്നാണ് നൗഷാദ് പറയുന്നത്. ഈ വിവരം അറിഞ്ഞ് സ്റ്റേഷനിലെത്തിയ മൂത്ത മകൻ്റെ മുന്നിലിട്ട് ഇളയമകനെ കൊടുങ്ങല്ലൂർ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും ഇത് സഹിക്കാൻ കഴിയാതെ മൂത്ത മകൻ പൊലീസ് ആരോപിച്ച കുറ്റം ഏൽക്കുകയായിരുന്നു എന്നാണ് നൗഷാദ് പറയുന്നത്. കസ്റ്റഡിയിൽ എടുത്ത് മൂന്ന് ദിവസത്തോളം മക്കളെ രണ്ടുപേരെയും പൊലീസ് പീഡിപ്പിച്ചുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ നൗഷാദ് ആരോപിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷം പ്രായപൂർത്തിയാകാത്ത ഇളയ മകനെ ജൂവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിക്കാതിരിക്കാൻ ഇടപെടൽ നടന്നെന്നാണ് നൗഷദിൻ്റെ ആരോപണം.ജൂവനൈൽ ജസ്റ്റിസ് ബോർഡ് ഇളയമകനെ ജുവനൈൽ ഹോമിലേയ്ക്ക് അയച്ചെന്നും നാല് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചതെന്നുമാണ് നൗഷാദ് പറയുന്നത്. മൂത്തമകനെ കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിലേയ്ക്ക് അയച്ചെന്നും നൗഷാദ് പറയുന്നു. നാല് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ച ഇളയമകൻ സബ്ജയിലിലെത്തി സഹോദരനെ കണ്ട് മടങ്ങി എത്തിയതിന് പിന്നാലെ ജീവനൊടുക്കിയെന്നാണ് ഫേസ്ബുക്കിൽ നൗഷാദ് പറയുന്നത്.

Related Posts

Leave a Reply