തിരുവനന്തപുരം: സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില് കോടതി ഉത്തരവിനെതിരെ സര്ക്കാര് അപ്പീല് പോകണമായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പിണറായിക്കും റിയാസിനും എതിരെ കേസ് എടുക്കണമെന്ന കോടതി ഉത്തരവിനെതിരെയാണ് എം വി ഗോവിന്ദന് പ്രതികരിച്ചത്. കേസില് കോടതിയില്നിന്ന് കൂടുതല് വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര ഏജന്സികള്ക്കെതിരെ ദേശീയ തലത്തില് ശക്തമായ നിലപാട് സ്വീകരിക്കുന്ന കോണ്ഗ്രസ്, കേരളത്തില് മറ്റൊരു നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമര്ശിച്ചു. ഇത് കോണ്ഗ്രസ്സിൻ്റെ നിലപാട് ആണോ എന്നത് ദേശീയ നേതൃത്വം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം വി ഗോവിന്ദന് രംഗത്ത് വന്നത്.
നെടുമ്പാശ്ശേരി വാഹനാപകടത്തിലും എം വി ഗോവിന്ദന് പ്രതികരിച്ചു. കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്ക്കാര് സ്വീകരിക്കുന്നത്. പ്രതിക്കെതിരെ ദുര്ബലമായ വകുപ്പുകള് ചേര്ത്താണ് കേസെടുത്തിരിക്കുന്നത്. ജയിലിലേക്ക് അയക്കുന്നതിനു പകരം ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചു. എഫ്ഐആറില് പേരോ മദ്യപിച്ച വിവരമോ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇത് എന്ത് സ്വാധീനത്തിന്റെ പുറത്താണെന്നും അദ്ദേഹം ചോദിച്ചു. മരിച്ച കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന സമീപനവും ചിലരില് നിന്നും കാണുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശക്തമായ മറുപടി ഈ വിഷയത്തില് ഉണ്ടാകണം. പൊലീസ് കാണിക്കുന്നത് വിചിത്രമായ കാര്യങ്ങളാണെന്നും എം വി ഗോവിന്ദന് കുറ്റപ്പെടുത്തി.












