കൊച്ചി: നെടുമ്പാശേരിയില് മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില് പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തില് മരിച്ച ഗോപികയുടെ കുടുംബം. ഗോപികയുടെ അച്ഛന്റെ സഹോദരനാണ് ഫേസ് ബുക്ക് പോസ്റ്റ് പങ്കുവെച്ച് രംഗത്തെത്തിയത്. പൊലീസിനെതിരെ വിമര്ശനവുമായാണ് പിതൃസഹോദരൻ്റെ പ്രതികരണം. സ്വാധീനം ഉപയോഗിച്ചാണ് പ്രതിയെ ജുവനൈല് ഹോമിലേക്ക് വിടാനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് കുടുംബത്തിന്റെ ആരോപണം. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഞങ്ങളുടെ സംശയങ്ങള് മാറ്റാന് കഴിയുമോയെന്നും കുടുംബം ചോദിക്കുന്നുണ്ട്.
ഞായറാഴ്ച പുലര്ച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയില് സുഹൈല് സജീവ് ഓടിച്ച മിനി കൂപ്പര് കാര് മൂന്നുപേര് സഞ്ചരിച്ചിരുന്ന സ്കൂട്ടറില് ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര് അപകടത്തിൽ തല്ക്ഷണം മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വില്പനശാലയില് പാര്ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്ത്തകര്ക്കൊപ്പം രാത്രിയില് ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്. നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയില് യുവാവ് മൂന്ന് ബാറുകളില്ക്കയറി മദ്യപിച്ചിരുന്നു. ഇതിന്റെ വീഡിയോയും മൊബൈലില് ചിത്രീകരിച്ചു. സുഹൃത്തിനെ വിമാനത്താവളത്തില് നിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് പ്രതിയെത്തിയത്. വിമാനം എത്തുന്ന സമയം 2.40 ആയതിനാല് വീണ്ടും ബാറുകളില് പോയി മദ്യപിച്ചു. 19കാരനായ പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നല്കിയതിന് മൂന്ന് ബാറുകൾക്ക് എതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. കോര്ട്ട് യാര്ഡ് ബൈ മാരിയറ്റ് ബാര് ഹോട്ടലിനെതിരെയാണ് ആദ്യം കേസെടുത്തത്. പിന്നാലെ വൈറ്റിലയിലെ ദയ, പാലാരിവട്ടത്തെ മണ്സൂണ് എംപ്രസ് എന്നീ ബാറുകള്ക്കെതിരെയും കേസെടുത്തു. മൂന്ന് ബാറുകളിലും പ്രതി എത്തുന്നതും മദ്യപിച്ചതും എക്സൈസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില് ഇക്കാര്യം വ്യക്തമാണെന്നും എക്സൈസ് പ്രതികരിച്ചു. ഇവരുടെ ലൈസന്സ് റദ്ദാക്കുന്നതും പരിഗണനയിലാണ്. കേരള അബ്കാരി നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി.












