Kerala News Top News

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഒന്നാം പ്രതി. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഴിമതിനിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. രണ്ടാമത്തെ കേസ് കുഴല്‍പ്പണ ഇടപാട് ആരോപണവുമായി ബന്ധപ്പെട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിണറായി വിജയനും മുഹമ്മദ് റിയാസും ഒരു കേസില്‍ മാത്രമാണ് പ്രതിയാകുന്നത്. വീണ ടി രണ്ട് കേസുകളിലും പ്രതിയാണ്. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച കേസില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. റിയാസ് മന്ത്രിയായിരുന്നപ്പോള്‍ അഴിമതി പണം വിദേശത്തേക്ക് കടത്തിയെന്ന കേസില്‍ റിയാസാണ് ഒന്നാം പ്രതി. വീണ രണ്ടാം പ്രതിയാണ്. റിയാസിന്റെ സുഹൃത്തുക്കളും പ്രതിപ്പട്ടികയിലുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടന്‍ രൂപീകരിക്കാനാണ് തീരുമാനം.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് വിജിലന്‍സ് കേസുകൾ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍, പ്രാഥമിക അന്വേഷണം വേണ്ടെന്നും കേസെടുത്ത് അന്വേഷണം നടത്താമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരിവിട്ടിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഡിജിപി ഇറക്കിയ ഉത്തരവും കോടതി റദ്ദാക്കിയിരുന്നു. ഇ ഡി നല്‍കിയ കത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം എഫ്‌ഐആര്‍ എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ വാദം തള്ളിയാണ് പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും നേരിട്ട് എഫ്‌ഐആര്‍ ഇടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഇഡിയുടെ വാദം ശരിവെച്ചാണ് ഇഡി കത്തിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. പ്രാഥമിക അന്വേഷണമാണ് ആദ്യം വേണ്ടതെന്നും അതിന് ശേഷമാണ് എഫ്‌ഐആര്‍ ഇടണോ എന്ന് പരിശേധിക്കേണ്ടത് എന്നുമുള്ള വാദമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്.

സിഎംആര്‍എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് സീല്‍ചെയ്ത കവറില്‍ ചില വിവരങ്ങള്‍ ഇഡി സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നു. ഇതില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായി വിവരങ്ങളാണ് ഉണ്ടായിരുന്നത്. ഇതേ വിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍ ഇ ഡി ഹൈക്കോടതിക്കും കൈമാറിയിരുന്നു. ഈ വിവരങ്ങളെല്ലാം ഹൈക്കോടതി പരിശോധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇ ഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. അഴിമതി നിരോധന നിയമപ്രകാരം ഒരു പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം തുടര്‍നടപടിയിലേയ്ക്ക് കടന്നാല്‍ മതിയെന്നായിരുന്നു നേരത്തെയുള്ള സുപ്രീം കോടതി നിര്‍ദ്ദേശം. അതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി കത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം മാത്രം തുടര്‍നടപടികള്‍ തീരുമാനിക്കാം എന്ന നിലപാടിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയത്. എന്നാല്‍ ഈ വാദം കൂടിയാണ് ഹൈക്കോടതി തള്ളിയത്.

 

Related Posts

Leave a Reply