ന്യൂഡല്ഹി: സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കസ്റ്റഡിയില് എടുക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്. മെട്രോ, റെയില്വേ സര്വ്വീസുകള് സാധാരണഗതിയില് പുനഃസ്ഥാപിക്കണം. ഇന്റര്നെറ്റ് സൗകര്യങ്ങള് നിയമപ്രകാരം തടസ്സപ്പെടുത്തരുതെന്നും ആളുകളുടെ സ്വതന്ത്രമായ സഞ്ചാരവും ഗതാഗതവും അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. ബാരിക്കേഡുകള് സ്ഥാപിക്കുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതാണെന്നും നീക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരാണ് ഹര്ജികള് പരിഗണിച്ചത്.
സ്റ്റേറ്റിനും മുകളില് ക്രമസമാധാനം സംരക്ഷിക്കാന് പൊലീസിന് വ്യക്തിപരമായ അധികാരമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ജീവിതവും സ്വാതന്ത്ര്യവും ഒരുപോലെ പ്രധാനമാണ്. അത് പൊലീസ് ഉദ്യോഗസ്ഥരാണെങ്കിലും പൗരന്മാരാണെങ്കിലും അതെയെന്നും കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവ് പാലിച്ചില്ലെന്നുകാട്ടിയുള്ള കോടതീയലക്ഷ്യ ഹര്ജിയില് കേന്ദ്രത്തിനും ഡല്ഹി പൊലീസിനുമുള്പ്പെടെ സുപ്രീംകോടതി അയച്ച നോട്ടീസില് ചൊവ്വാഴ്ചയ്ക്കകം മറുപടി നല്കാനും നിര്ദേശിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
‘നിങ്ങള്ക്ക് എല്ലാവര്ക്കും ബുദ്ധിമുട്ടുകളുണ്ടായെന്ന് ഞങ്ങള്ക്ക് അറിയാം’, എന്ന് സൂചിപ്പിച്ചാണ് ജസ്റ്റിസ് ജോയ് മല്യ ബഗ്ചി വാദം കേള്ക്കല് ആരംഭിച്ചത്. കോടതീയലക്ഷ്യത്തേക്കാള് വളരെ വിശാലമായ വിഷയമാണുള്ളതെന്നും ഞായറാഴ്ച സിറ്റിംഗ് നടത്തിയതിന് നന്ദിയുണ്ടെന്നും ഹര്ജിക്കാര്ക്ക് വേണ്ടി ഹാജരായ കപില് സിബല് പറഞ്ഞു. എന്നാല് രാജ്യത്തെ സേവിക്കുന്നതിനായി തങ്ങള് എപ്പോഴുമുണ്ടെന്ന് ബാഗ്ചി വ്യക്തമാക്കി. നേതാക്കളുടെ കസ്റ്റഡിയിലെടുത്ത നടപടി ചോദ്യം ചെയ്ത് അഡ്വ. മേനക ഗുരുസ്വാമി നല്കിയ ഹര്ജിയും കോടതി ഇന്ന് പരിഗണിക്കും.












