India News Top News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും തലസ്ഥാനത്ത് പ്രക്ഷോഭം തീര്‍ക്കാന്‍ സിജെപി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും തലസ്ഥാനത്ത് പ്രക്ഷോഭം തീര്‍ക്കാന്‍ സിജെപി. രാവിലെ പത്ത് മണിക്ക് പ്രവര്‍ത്തകരോട് ജന്തര്‍മന്തറിൽ എത്താന്‍ വക്താവ് അജിങ്ക്യ ഷിന്‍ഡെ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധം കടുപ്പിക്കുമെന്ന് ഇടതുപാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്‌ഐ, ഐസ അടക്കമുളള വിദ്യാര്‍ഥി സംഘടനകള്‍ ഇന്നും തെരുവില്‍ ഇറങ്ങും. ഡല്‍ഹി പൊലീസിന്റെ നരനായാട്ട് അവസാനിപ്പിച്ചില്ലെങ്കില്‍ അപ്രതീക്ഷിത സമരമുറകള്‍ കാണുമെന്നാണ് ഐസ നേതാവ് നേഹ ബോറ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സിപിഐഎമ്മും പ്രതിഷേധങ്ങളില്‍ പങ്കെടുക്കും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഡല്‍ഹിയില്‍ ഇന്നും കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടച്ച മെട്രോ സ്റ്റേഷനുകള്‍ തുറന്നിട്ടുണ്ട്. ഇന്റര്‍നെറ്റും പുനസ്ഥാപിച്ചു. എന്നാല്‍ ഡല്‍ഹിയില്‍ ഇന്നും ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നാണ് പൊലീസിന്റെ അറിയിപ്പ്. അതേസമയം പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ തുടങ്ങിയ സിജെപി നേതാക്കളെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേതാക്കളുടെ പൊലീസ് തടങ്കല്‍ ചോദ്യം ചെയ്ത് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹിയിലെ കടുത്ത പൊലീസ് നിയന്ത്രണവും തടങ്കല്‍ നടപടികളും ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹര്‍ജികളും സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ഇന്‍ഡ്യ സഖ്യം പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍ഡ്യ സഖ്യ എംപിമാരോട് നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് ഡല്‍ഹിയില്‍ എത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമിത് ഷാ എത്ര പൊലീസിനെ കൊണ്ടുവന്നാലും പ്രതിഷേധങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. യുവാക്കള്‍ക്ക് എതിരായ പൊലീസ് നടപടിയെ ഇന്‍ഡ്യ സംഖ്യം വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഡല്‍ഹിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് മടങ്ങി എത്തുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന് സ്വീകരണം നല്‍കാന്‍ ഒരുങ്ങുകയാണ് സിപിഐഎം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകീട്ട് ആറുമണിക്കാണ് വിമാനത്താവളത്തില്‍ സ്വീകരണം. സമരത്തില്‍ പങ്കെടുത്ത മറ്റു നേതാക്കള്‍ക്കും സ്വീകരണം നല്‍കും. ഡല്‍ഹിയില്‍ ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ എട്ട് മണിക്കൂറിന് ശേഷമായിരുന്നു വിട്ടയച്ചത്.

Related Posts

Leave a Reply