India News

രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് പ്രതിരോധം തീര്‍ക്കാന്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് നീക്കവുമായി ബിജെപി.

തിരുവനന്തപുരം: രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് പ്രതിരോധം തീര്‍ക്കാന്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് നീക്കവുമായി ബിജെപി. രാജ്യത്തുടനീളം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ കക്ഷികളും സിജെപിയും സമരം കടുപ്പിക്കുന്നതിനിടെയാണ് നീക്കം. ഇന്ന് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ‘ഇല്ലീഗല്‍ മുഖ്യമന്ത്രി’ എന്ന ടാഗ് ഉയര്‍ത്തിയായിരിക്കും പ്രതിഷേധ പരിപാടികള്‍ നടത്തുക. രാഹുല്‍ ഗാന്ധി ‘ഇല്ലീഗല്‍ പ്രധാനമന്ത്രി’എന്ന ടാഗ് ഉയര്‍ത്തിയതിന് മറുപടിയായാണ് ക്യാമ്പയില്‍ സംഘടിപ്പിക്കുന്നത്. എന്‍ഡിഎ ജനങ്ങള്‍ക്കൊപ്പം എന്ന് ജനങ്ങളെ ബോധിപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

അമിത് ഷാക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് മറുപടിയായി സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തടഞ്ഞു പ്രതിരോധം തീര്‍ത്ത യുവമോര്‍ച്ചയെ കമ്മിറ്റി അഭിനന്ദിച്ചു. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധം നടത്തിയതിലുടെ ദേശീയ ശ്രദ്ധയിലേക്ക് വിഷയം എത്തിയെന്നും സംസ്ഥാന അധ്യക്ഷന്‍ കമ്മിറ്റിയില്‍ പറഞ്ഞു.മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമാകുന്നതിനിടെ കോണ്‍ഗ്രസിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. ആരെത്ര ബഹളം വച്ചാലും തന്റെ പ്രവര്‍ത്തനം തുടരുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഖജനാവ് കൊള്ളയടിച്ചവര്‍ തന്നെ സ്നേഹിക്കില്ലെന്ന് അറിയാമെന്നും പ്രധാനമന്ത്രിയുടെ പ്രതികരണം. അഞ്ച് ലക്ഷം കോടി രൂപ തെറ്റായ കൈകളില്‍ പോകുന്നതില്‍ നിന്ന് തടഞ്ഞു എന്നും മോദി അവകാശപ്പെട്ടിരുന്നു. കൃത്യമായി ഒന്നു പറയുന്നില്ലെങ്കിലും ഗ്യാനേഷ് കുമാറിനെതിരായ സമരം തനിക്കെതിരാണെന്ന് മോദി തിരിച്ചറിയുന്നു എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും തന്നെ വിഷയത്തില്‍ യാതൊരു മറുപടിയും മോദി പറഞ്ഞിരുന്നില്ല. പ്രതിപക്ഷം ഒറ്റക്കെട്ടായി തെരുവിലിറങ്ങിയതോടെയാണ് മോദിയുടെ മറുപടി എന്നാണ് നിഗമനം.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ജന്തര്‍ മന്തറില്‍ നടന്നത്. മൂന്ന് ബസുകളിലായി ജന്തര്‍ മന്തറിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ അശോക നഗറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. വാഹനത്തില്‍ നിന്നും പുറത്തിറങ്ങി മുന്നോട്ട് നടന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റിയതോടെ സംഘര്‍ഷാവസ്ഥയിലായി. റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്ന പ്രിയങ്കയെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിനിടെ പ്രിയങ്ക കയ്യില്‍ കരുതിയിരുന്ന ഭരണഘടന ഉയര്‍ത്തി വീണ്ടും പ്രതിഷേധിച്ചു.

Related Posts

Leave a Reply