തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ടില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഒളിച്ചുകളി. രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഹര്‍ജികളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ വിവരാവകാശ കമ്മീഷന് തയ്യാറായിട്ടില്ല. മുഖ്യ വിവരാവകാശ കമ്മീഷണറായ ഹരി പി നായരാണ് ഹര്‍ജികള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് വിലക്കിയത്. ഹൈക്കോടതിയിലെ ഹര്‍ജികളില്‍ തീരുമാനമാകാതെ വിധി പറയില്ലെന്ന നിലപാടിലാണ് വിവരാവകാശ കമ്മീഷന്. ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായിട്ടും അത് തീര്‍പ്പാക്കാന്‍ വിവരാവകാശ കമ്മീഷന് തയ്യാറാകുന്നില്ല. അഞ്ച് പേജുകള്‍ പുറത്തുവിടാമെന്ന് സാംസ്കാരിക വകുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. എന്നിട്ടും ഇക്കാര്യത്തില്‍ വിവാരാവകാശ കമ്മീഷന് കൃത്യമായ നടപടി സ്വീകരിക്കുന്നില്ല.
റിപ്പോര്‍ട്ടര്‍ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് ആര് റോഷിപാലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പേജുകള്‍ പൂഴ്ത്തിയതെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ കമ്മീഷന് പരാതി നല്‍കിയത്. 2024 ഓഗസ്റ്റ് 23നായിരുന്നു റോഷിപാല്‍ പരാതി നല്‍കിയത്. വിവരാവകാശ കമ്മീഷനെ നോക്കുകുത്തിയാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെട്ടിമാറ്റലെന്നും റിപ്പോര്‍ട്ടിലെ നല്‍കാമെന്ന് പറഞ്ഞ ഭാഗം മുഴുവന്‍ നല്‍കിയില്ലെന്നും റോഷിപാല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവില്‍ പറഞ്ഞതിലും അഞ്ച് പേജ് കുറച്ചായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്. നിര്‍ണായക വിവരം ഉള്‍പ്പെടുന്ന ഭാഗമാണ് വെട്ടിമാറ്റിയതെന്നും ഇത് ലഭ്യമാക്കണമെന്നും റോഷിപാല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഹര്‍ജിയില്‍ വിധി പറയാന്‍ വിവരാവകാശ കമ്മീഷന് തയ്യാറായിട്ടില്ല. നേരത്തേ വിധി പറയുന്നതിന് തൊട്ടുമുമ്പ് ഹര്‍ജികള്‍ അബ്ദുല്‍ ഹക്കീമിന്റെ ബെഞ്ചില്‍ നിന്നും മാറ്റുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അഞ്ച് പേജുകളിലുണ്ടായിരുന്ന 11 ഖണ്ഡികകളാണ് മുന്നറിയിപ്പില്ലാതെ സര്‍ക്കാര്‍ ഒഴിവാക്കിയത്. ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമ വിവരങ്ങള്‍ ഉള്‍പ്പെട്ട ഭാഗങ്ങളായിരുന്നു നീക്കിയത്. ഈ പേജുകള്‍ ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നില്ല. വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം 21 ഖണ്ഡികകള്‍ ഒഴിവാക്കാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആകെ 129 ഖണ്ഡികകളാണ് വെട്ടിമാറ്റിയത്. വിവരാവകാശ കമ്മീഷണര്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ട വിവരങ്ങളും വെട്ടിമാറ്റിയിരുന്നു.












