കടയിൽ കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സംഭവത്തിൽ സന്യാസി പിടിയിൽ. മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ് പിടിയിലായത്. ഗുരുസ്വാമി എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയതെന്ന് പന്തളം പൊലീസ് പറയുന്നു. കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് കാളവണ്ടിയിൽ പര്യടനം നടത്തുന്ന സന്യാസി സംഘത്തിലെ അംഗമാണ് ഇയാൾ.
യാത്രയുടെ ഭാഗമായി പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ ലഘുലേഖകൾ വിതരണം ചെയ്യുന്നതിനിടയിലാണ് സംഭവം. പന്തളത്തെ ഒരു കടയിൽ ലഘുലേഖ നൽകാനെന്ന വ്യാജേന കയറിയ ഇയാൾ അവിടെയുണ്ടായിരുന്ന സ്ത്രീയോട് മോശമായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു.
തുടർന്ന് സ്ത്രീ ഉടൻ തന്നെ ഭർത്താവിനെയും സമീപവാസികളെയും വിവരമറിയിക്കുകയും നാട്ടുകാർ ചേർന്ന് ഇയാളെ തടഞ്ഞുവെക്കുകയുമായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മൂന്ന് കാളവണ്ടികളിലായി യാത്ര ചെയ്യുന്ന സംഘത്തിലെ അംഗമാണ് പ്രതി. അക്രമം നടന്ന കടയിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പന്തളം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












