Kerala News

കോര്‍പറേഷനിലെ സിപിഐഎം കൗണ്‍സിലര്‍ക്ക് എതിരായ കൈക്കൂലി ആരോപണത്തില്‍ നിര്‍ണായക തെളിവുമായി പരാതിക്കാരന്‍

തിരുവനന്തപുരം: കോര്‍പറേഷനിലെ സിപിഐഎം കൗണ്‍സിലര്‍ക്ക് എതിരായ കൈക്കൂലി ആരോപണത്തില്‍ നിര്‍ണായക തെളിവുമായി പരാതിക്കാരന്‍. തനിക്കെതിരെ പുറത്തുവന്ന വീഡിയോ വ്യാജമെന്ന കൗണ്‍സിലര്‍ അജിന്റെ വാദം തെറ്റെന്ന് പരാതിക്കാരന്‍ സഞ്ജു. അജിന്‍ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോ തന്റെ ഫോണില്‍ ചിത്രീകരിച്ചതിന് തെളിവുണ്ടെന്ന് സഞ്ജു  പറഞ്ഞു. തന്റെ ഫോണില്‍ പകര്‍ത്തിയ ദൃശ്യമാണെന്ന് അവകാശപ്പെട്ട് ഫോണ്‍ ഗാലറിയില്‍ നിന്ന് വീഡിയോ നേരിട്ട് കാണിച്ച് സഞ്ജു. കൂടുതല്‍ നിയമനടപടികളിലേക്ക് കടക്കാനാണ് സഞ്ജുവിന്റെ തീരുമാനം. പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. പണം നല്‍കിയില്ലെങ്കില്‍ ഭൂമിയില്‍ കൊടി കുത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ആരോപണങ്ങള്‍ ഉന്നയിച്ച് സഞ്ജു പുറത്തുവിട്ട വീഡിയോ എഐ നിര്‍മിതമാണെന്നായിരുന്നു കൗണ്‍സിലര്‍ അജിന്റെ വാദം.

എന്നാല്‍ ആരോപണം ഉന്നയിച്ച സഞ്ജു പിന്നോട്ടില്ല. വീഡിയോ തന്റെ ഫോണിന്റെ ക്യാമറയില്‍ പകര്‍ത്തിയതാണെന്ന് അവകാശപ്പെട്ട്, ഫോണ്‍ ഗാലറിയില്‍ നിന്ന് ദൃശ്യം നേരിട്ട് കാണിക്കുകയായിരുന്നു. വീഡിയോ വ്യാജമാണെന്ന വാദം തള്ളി തെളിവുമായാണ് പരാതിക്കാരന്റെ മറുപടി.

അതേസമയം, തിരുമല മേഖലയില്‍ ഭൂമാഫിയയുടെ ഇടപെടലാണ് ആരോപണത്തിന് പിന്നിലെന്നാണ് കൗണ്‍സിലര്‍ അജിന്റെ വാദം. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തി കച്ചവടം നടത്താനുള്ള ശ്രമം തടഞ്ഞതിന്റെ പ്രതികാരമാണ് പരാതിയെന്നും കൗണ്‍സിലര്‍ ആരോപിക്കുന്നു.വിഷയത്തില്‍ കൂടുതല്‍ നിയമപോരാട്ടങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് സഞ്ജു.

കൈക്കൂലി ആരോപണം കെ എസ് ശബരിനാഥന്‍ വിജിലന്‍സിന് പരാതി നല്‍കി. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാണ് ആവശ്യം.

 

Related Posts

Leave a Reply