കേരള പൊലീസിലെ സബ് ഇൻസ്പെക്ടറുടെ അവസരോചിതമായ ഇടപെടലിൽ ആത്മഹത്യയിൽ നിന്നും രക്ഷിച്ചത് സ്വന്തം മകനെ തന്നെ. ചെന്നൈയിൽ ജോലി ചെയ്യുന്ന മകനെയാണ് പിതാവ് തന്റെ പൊലീസ് ബുദ്ധി ഉപയോഗിച്ച് രക്ഷിച്ചത്. അർധരാത്രിയിൽ സോഷ്യൽമീഡിയയിൽ ആത്മഹത്യാസൂചന നൽകുന്ന പോസ്റ്റ് പങ്കുവെച്ച ശേഷം മരിക്കാനാണ് യുവാവ് തീരുമാനിച്ചത്. പോസ്റ്റ് ശ്രദ്ധയിൽപെട്ട പിതാവ് ഉടൻ തന്നെ സ്ഥലം തിരിച്ചറിഞ്ഞു. തുടർന്ന് ചെന്നൈ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സമൂഹമാധ്യമ ചിത്രത്തിലെ പോസ്റ്റിലുള്ളത് പട്ടിണപ്പാക്കത്തെ ശ്രീനിവാസപുരം ബീച്ചാണെന്ന് പിതാവ് തിരിച്ചറഞ്ഞു. ഉടൻ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരച്ചിലിൽ ബീച്ചിൽ ഒറ്റയ്ക്ക് നിൽക്കുന്ന യുവാവിനെ കണ്ടെത്തി ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. ചെന്നൈയിൽ ഓൺലൈൻ ടാക്സി ഓടിച്ചുവരികയാണ് യുവാവ്. പ്രണയനൈരാശ്യത്തെ തുടർന്നാണ് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം.
ജീവനൊടുക്കാൻ ശ്രമിച്ച മകനെ രക്ഷിച്ച പൊലീസ് ബുദ്ധി












