കണ്ണൂർ പാലത്തായിയിൽ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയതിനെതിരെ കേരളം സുപ്രീംകോടതിയിൽ. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. സ്റ്റാൻഡിങ് കോൺസൽ സയ്യദ് മർസൂഖ് ബാഫഖി ആണ് സംസ്ഥാന സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്.
2020 ജനുവരി 15 മുതൽ ഫെബ്രുവരി 2 വരെയുള്ള കാലയളവിൽ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. അന്ന് 10 വയസും ആറുമാസവും മാത്രം പ്രായമുള്ള പെൺകുട്ടിയെ സ്കൂളിലെ ശുചിമുറിയിൽവെച്ച് ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്ന കേസിൽ പത്മരാജന് തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജീവിതാവസാനം വരെയുള്ള ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
എന്നാൽ പെൺകുട്ടിയുടെ മൊഴികളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്ന പ്രതിയുടെ വാദത്തിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്.
ജീവപര്യന്തം ശിക്ഷ ലഭിച്ച കേസിൽ ഒരു വർഷവും 11 ദിവസവും മാത്രമാണ് പത്മരാജൻ ജയിലിൽ കഴിഞ്ഞതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ ചൂണ്ടിക്കാട്ടി. വിചാരണക്കോടതി വിധിയിൽ തെറ്റുകളോ അപാകതകളോ ചൂണ്ടിക്കാണിക്കാതെ ഹൈക്കോടതി ശിക്ഷാവിധി സസ്പെൻഡ് ചെയ്തത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിചാരണക്കോടതിയുടെ വിധിയിൽ നിയമപരമായ തെറ്റോ നിലനിൽക്കാനാവാത്ത വീഴ്ചയോ ഉണ്ടെങ്കിൽ മാത്രമേ അപൂർവ സാഹചര്യങ്ങളിൽ ശിക്ഷ സസ്പെൻഡ് ചെയ്യാവൂ എന്ന് സുപ്രീംകോടതി തന്നെ വ്യവസ്ഥ ചെയ്തിട്ടുണ്ട് എന്നാണ് അപ്പീലിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.












