തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക്ക് കേസിലെ ഇഡി നീക്കത്തില്‍ ലഘുലേഖ ഇറക്കി ജനങ്ങളോട് വിശദീകരിക്കാന്‍ സിപിഐഎം. ഇഡി സിപിഐഎമ്മിനെതിരെ വേട്ടക്ക് ഇറങ്ങിയിരിക്കുകയാണെന്നാണ് ലഘുലേഖയില്‍ പറയുന്നത്. സിഎംആര്‍എല്‍ കമ്പനിയും ആദായ നികുതി വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് തുടക്കമെന്നാണ് ലഘുലേഖയില്‍ വിശദീകരിക്കുന്നത്. ദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലാണ് ലഘുലേഖയുടെ ചില ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രിയുമായി ചേര്‍ത്ത് വ്യജ പ്രചാരണങ്ങള്‍ ഉണ്ടായി. ടി വീണയ്ക്ക് എതിരായ നീക്കത്തിന് പിന്നില്‍ പിണറായി വിജയന്റെ മകള്‍ എന്ന ഒറ്റക്കാരണമാണെന്നും ലഘുലേഖ വിശദീകരിക്കുന്നു. പത്തുവര്‍ഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ സിഎംആര്‍എല്ലിന് വഴിവിട്ട ഒരു സഹായവും നല്‍കിയില്ല. എക്‌സാലോജിക് കേസില്‍ ഒന്നും കിട്ടാതായപ്പോഴാണ് റിയാസിലേക്ക് നീങ്ങിയതന്നും വിശദമായി തന്നെ ലഘുലേഖയില്‍ വ്യക്തമാക്കുന്നു. കോഴിക്കോട്ടെ റെയ്ഡ് മറ്റൊരു ഇടപെടല്‍ ലക്ഷ്യമിട്ടായിരുന്നു. പിണറായി വിജയനും സിപിഐഎമ്മിനും എതിരെ ഇത്തരത്തില്‍ ഒട്ടേറെ കള്ളക്കഥകള്‍ നേരത്തെയും വന്നിട്ടുണ്ടെന്നും ലഘുലേഖയില്‍ പറയുന്നു.
എക്സാലോജിക് കമ്പനിക്കും ടി വീണയ്ക്കുമെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ലഘുലേഖ ചൂണ്ടിക്കാട്ടുന്നത്. സിഎംആര്‍എല്ലും ഡയറക്ടര്‍മാരും നല്‍കിയ സെറ്റില്‍മെന്റ് അപേക്ഷ പരിഗണിച്ച ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ്, എക്സാലോജിക്കിന് നല്‍കിയ തുകയ്ക്ക് സേവനം ലഭിച്ചില്ലെന്ന സിഎംആര്‍എല്‍ ജീവനക്കാരുടെ മൊഴി അടിസ്ഥാനമാക്കിയാണ് ആദായനികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സേവനം ലഭിച്ചെന്നും മൊഴി സമ്മര്‍ദത്തെ തുടര്‍ന്ന് നല്‍കിയതാണെന്നും വ്യക്തമാക്കിയ സിഎംആര്‍എല്‍ അധികൃതരുടെ സത്യവാങ്മൂലങ്ങള്‍ പരിഗണിച്ചില്ലെന്നാണ് ലഘുലേഖയില്‍ പറയുന്നത്. എക്സാലോജിക് തുകയ്ക്ക് നികുതി അടച്ചതും ഇരു കമ്പനികളും തമ്മില്‍ കരാറുണ്ടായിരുന്നതും പരിഗണിച്ചില്ലെന്നും സ്വാഭാവിക നീതി പാലിച്ചില്ലെന്നും സിപിഐഎം ആരോപിക്കുന്നു. എസ്എഫ്ഐഒ റിപ്പോര്‍ട്ടില്‍ സിഎംആര്‍എല്‍ മാനേജ്മെന്റ് ഏകദേശം 182 കോടി രൂപ കമ്പനിയുടെയും ഓഹരി ഉടമകളുടെയും താല്‍പര്യത്തിന് വിരുദ്ധമായി ചെലവഴിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തതെന്നാണ് പറയുന്നത്. ഈ തുകയില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും പണം നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ടെന്നും വി ഡി സതീശന്‍, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ ചാണ്ടി, ഇബ്രാഹിം കുഞ്ഞ് തുടങ്ങിയ യുഡിഎഫ് നേതാക്കള്‍ക്ക് പണം നല്‍കിയ വിവരവും പരാമര്‍ശിച്ചിട്ടുണ്ടെന്നും സിപിഐഎം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ സിഎംആര്‍എല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടുകള്‍ ഈ 182 കോടിയില്‍ ഉള്‍പ്പെടുന്നതല്ലെന്നും, 2017 മാര്‍ച്ച് രണ്ടിന് ഒപ്പുവച്ച സേവന കരാറുകളുടെ അടിസ്ഥാനത്തിലാണ് എക്സാലോജിക്കിനും ടി വീണയ്ക്കും പണം നല്‍കിയതെന്നും ലഘുലേഖ വിശദീകരിക്കുന്നു. തുക നല്‍കിയത് സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, മാനേജ്മെന്റ്, മെയിന്റനന്‍സ്, ഡെലിവറി, ഐടി-മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി എന്നിവയ്ക്കായിരുന്നുവെന്നും പണം ബാങ്കിങ് ചാനല്‍ വഴി കൈമാറി നികുതി അടച്ചതായും പറയുന്നു.
എക്സാലോജിക്കിനെതിരെ സിഎംആര്‍എല്ലിന് പരാതിയില്ലെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടും കേന്ദ്ര കമ്പനി നിയമത്തിലെ 210/212 വകുപ്പുകള്‍ പ്രകാരം അന്വേഷണം നടത്തിയെന്നാണ് സിപിഐഎം ആരോപണം. എക്സാലോജിക് കേസില്‍ വഴിവിട്ട സഹായം നല്‍കിയതിന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവില്ലെന്നും 2025 മാര്‍ച്ച് 28ന് കേരള ഹൈക്കോടതി മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയെന്നും ലഘുലേഖയില്‍ പറയുന്നു. എസ്എഫ്ഐഒ അന്വേഷണത്തിന്റെ നിയമസാധുത ഡല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും തുടര്‍നടപടികള്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്നും കേരള ഹൈക്കോടതിയും നടപടികള്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്നും സിപിഐഎം ചൂണ്ടിക്കാട്ടുന്നു. ഇഡി കേസ് സിഎംആര്‍എല്‍ ഉദ്യോഗസ്ഥന്‍ കെ എസ് സുരേഷ് കുമാറിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണെന്നും മറ്റ് രേഖകളില്ലെന്നും, മൊഴികള്‍ ഭീഷണിപ്പെടുത്തി എടുത്തതാണെന്ന് സുരേഷ് കുമാറും ചീഫ് ജനറല്‍ മാനേജര്‍ പി സുരേഷ് കുമാറും 2024ല്‍ സത്യവാങ്മൂലം നല്‍കിയതായും വ്യക്തമാക്കുന്നുണ്ട്.












