ബാർബിക്യു ചിക്കൻ ഉണ്ടാക്കുന്നതിനിടെ യുവദമ്പതിക്ക് പൊള്ളലേറ്റ സംഭവത്തിൽ പൊലീസ് നാലു പേരെ അറസ്റ്റ് ചെയ്തു. ഹോംസ്റ്റേ ഉടമ അടക്കമുള്ളവരാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ വ്യാഴാഴ്ചയാണ് ഭക്ഷ്യ എണ്ണയ്ക്ക് പകരം ഹോംസ്റ്റേ ജീവനക്കാരൻ മണ്ണെണ്ണ ഒഴിക്കുകയും ദമ്പതിമാർക്ക് പൊള്ളലേൽക്കുകയും ചെയ്തത്.
പശ്ചിമബംഗാളിലെ സിത്താങ്ങിൽ ഉള്ള ഒരു ഹോം സ്റ്റൈയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. യുവദമ്പതിമാർ അത്താഴം കഴിച്ചു കൊണ്ടിരിക്കെ തൊട്ടടുത്തുണ്ടായിരുന്ന ബാർബിക്യൂവിൽ പാചകക്കാരൻ ഭക്ഷ്യ എണ്ണയ്ക്ക് പകരം മണ്ണെണ്ണ ഒഴിച്ചു. പൊടുന്നനെ തീ ആളിക്കത്തി. ക്ഷണ നേരം കൊണ്ട് നികിതയെ തീ വിഴുങ്ങി. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷൗവിക് ഭാസിനും പൊള്ളലേറ്റു. 60% ലധികം പൊള്ളലേറ്റ് ഗുരുതരവസ്ഥയിലാണ് നികിത ഇപ്പോൾ. ബന്ധുക്കളുടെ പരാതിയിലാണ് ഹോം സ്റ്റേ ഉടമയും മൂന്ന് ജീവനക്കാരും അറസ്റ്റിൽ ആയത്. തീ അണക്കാനുള്ള സംവിധാനങ്ങൾ ഹോം സ്റ്റേയിൽ ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ എത്തിക്കാനും ഏറെ സമയം എടുത്തു. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഏറെനാൾ പ്രണയിച്ചതിനുശേഷം ആണ് രണ്ടുമാസം മുമ്പ് നികിതയും ശൗവിക്കും വിവാഹിതരായത്.












