തിരുവനന്തരപുരം: ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് പിഎസ്സി അംഗങ്ങള്‍. ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എസ്ഐടിയുടെ നോട്ടീസ് അംഗങ്ങള്‍ തള്ളിയത്. ചോദ്യം ചെയ്യല്‍ പിഎസ്സി ആസ്ഥാനത്തേക്ക് മാറ്റണമെന്നാണ് അംഗങ്ങളുടെ നിലപാട്. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് അംഗങ്ങളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 15 പിഎസ്സി അംഗങ്ങള്‍ക്കാണ് എസ്ഐടി നോട്ടീസ് നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ ചെയര്‍മാനെയും ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. ആസൂത്രണ ബോര്‍ഡിലേക്കുള്ള പരീക്ഷയില്‍ ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ പോയതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡീ. സെക്രട്ടറി ഹരി എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സാങ്കേതിക പിഴവാണ് ചില ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താത്തതിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
പിഎസ്സി നടത്തിയ പരീക്ഷകളിലും അഭിമുഖങ്ങളിലും ഉള്‍പ്പടെ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഒന്നായിരുന്നു ആസൂത്രബോര്ഡിലേക്ക് നടത്തിയ പരീക്ഷയില്‍ മൂല്യനിര്‍ണയത്തില്‍ സംഭവിച്ച പിഴവ്. പത്തോളം ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടത്താതെ ഫലം പ്രഖ്യാപിച്ചെന്നായിരുന്നു കണ്ടെത്തല്‍. ചില ഉദ്യോഗാര്‍ത്ഥികളെ സഹായിക്കാനായിരുന്നു ഈ നീക്കമെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പരീക്ഷാമൂല്യനിര്ണയവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗാര്‍ത്ഥി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
ഇതിനിടെ പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. കെഎഎസ് ഉള്‍പ്പെടെയുള്ള ചില പരീക്ഷകളിലെ ക്രമക്കേടുകളില്‍ നിര്‍ണായക തെളിവുകള്‍ എസ്ഐടിക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാല്‍ പിന്നാലെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.












