India News

ഗതാഗത നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.

ഗതാഗത നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പുതിയ നെഗറ്റീവ് പോയിന്റ് സംവിധാനം നടപ്പാക്കാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ആലോചിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഓരോ ഗതാഗത നിയമലംഘനത്തിനും ഡ്രൈവിംഗ് ലൈസൻസിലും വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലും (ആർസി) പോയിന്റുകൾ കുറയ്ക്കുന്ന രീതിയിലായിരിക്കും പുതിയ സംവിധാനം. കൂടുതൽ നെഗറ്റീവ് പോയിന്റുകൾ ഉണ്ടായാൽ ഡ്രൈവിംഗ് ലൈസൻസും ആർസിയും സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാൻ അധികൃതർക്ക് അധികാരം നൽകും. പൊതുപരിപാടിയിൽ സംസാരിക്കവെയാണ് പ്രതികരണം.
ഡ്രൈവിംഗ് ലൈസൻസിലും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലും ഗ്രേഡഡ് പോയിന്റ് സംവിധാനം കൊണ്ടുവരാനാണ് മന്ത്രാലയം ആലോചിക്കുന്നത്. ഓരോ നിയമലംഘനത്തിനും ലൈസൻസിലെ പോയിന്റുകൾ കുറയും. നിശ്ചിത പരിധി കടന്നാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. നിയമങ്ങൾ പാലിച്ച് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കുന്നവരെയും നിരന്തരം നിയമലംഘനം നടത്തുന്നവരെയും വേർതിരിച്ചറിയുകയാണ് സംവിധാനത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മികച്ച ഡ്രൈവിംഗ് റെക്കോർഡുള്ളവർക്ക് ഇൻഷുറൻസ് കമ്പനികളിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ ആനുകൂല്യങ്ങൾ ലഭിക്കുന്ന തരത്തിലുള്ള പ്രോത്സാഹനങ്ങൾ നൽകുന്നതും പരിഗണനയിലുണ്ട്.

സ്ഥിരമായി നിയമലംഘനം നടത്തുന്നവർക്ക് ഘട്ടംഘട്ടമായി കൂടുതൽ കടുത്ത ശിക്ഷകൾ നേരിടേണ്ടിവരും. ഡ്രൈവർമാരുടെ പെരുമാറ്റമാണ് രാജ്യത്തെ റോഡ് സുരക്ഷ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.
രാജ്യത്തുടനീളം 1,600 ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. ഇതിൽ 24 കേന്ദ്രങ്ങൾ ഇതിനകം പ്രവർത്തനം ആരംഭിച്ചു. 112 കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവർത്തനസജ്ജമാകും. ഈ കേന്ദ്രങ്ങളിലൂടെ ഇതിനകം ഏകദേശം 10 ലക്ഷം ഡ്രൈവർമാർക്ക് പരിശീലനം നൽകിയതായും മന്ത്രി അറിയിച്ചു.
അപകടകരമായി വാഹനമോടിക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഗഡ്കരി പറഞ്ഞു. നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് യാതൊരു പ്രത്യാഘാതവും നേരിടാതെ വാഹനമോടിക്കുന്നത് തുടരാൻ കഴിയുന്ന സാഹചര്യം അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

Leave a Reply