തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഡിജിപിക്ക് ഇ ഡി നൽകിയ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ്. ഏത് അന്വേഷണവും നടക്കട്ടെയെന്ന് റിയാസ് പറഞ്ഞു. അന്വേഷണത്തെ നിയമപരമായി നേരിടും. അന്വേഷണത്തെ ഭയപ്പെടുന്നില്ല. ഏതൊക്കെ നിലയില്‍ എന്തൊക്കെ തിരക്കഥകള്‍വെച്ച് കാര്യങ്ങളെ ഏതൊക്കെ ആംഗിളില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചാലും നിരപരാധികള്‍ നിരപരാധികളാണ്. ഒരു തെറ്റും ചെയ്തിട്ടില്ല. ഒരന്വേഷണത്തെയും ഭയപ്പെടുന്നില്ല. ഏതന്വേഷണം വേണമെങ്കിലും നടക്കട്ടെയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം.
തിരക്കഥയൊക്കെ നന്നായി. ജീവിക്കുന്ന മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്നതിന് സമാനമായ കാര്യങ്ങളാണ് കഴിഞ്ഞ കുറച്ചുനാളായി വാര്‍ത്തകളായും മറ്റും പുറത്തുവരുന്നത്. അത് അതിന്റെ രസത്തില്‍ നടക്കട്ടെ. തങ്ങള്‍ നിരപരാധികളാണ്. ഏത് നിലയിലുള്ള അന്വേഷണം നടത്തിയാലും നിരപരാധിത്വം നിരപരാധിത്വമായി നിലകൊള്ളും. നല്ല ആത്മവിശ്വാസമുണ്ട്. അന്വേഷണം ഒരു തരത്തിലും ബാധിക്കില്ലെന്നും മുഹമ്മദ് റിയാസ് ആവര്‍ത്തിച്ചു.
ഇ ഡിയും ഇഡിയുടെ പിന്നുള്ള രാഷ്ട്രീയവും അവരുടെ അന്വേഷണവുമൊക്കെ എങ്ങനെയാണ് എന്ന് രാജ്യം കണ്ടതാണ്. താന്‍ അതിലേക്ക് കടക്കുന്നില്ല. ഈ വിഷയത്തിലും അന്വേഷണം നടക്കട്ടെ. ഓരോ ദിവസവും ഓരോ വാര്‍ത്തയായി പുറത്തുവരട്ടെ. ഇതിന്റെ പേരില്‍ പേടിച്ചുപോയി എന്ന് ആരും കരുതേണ്ട. എങ്ങനെയൊക്കെ വേട്ടയാടാന്‍ ശ്രമിച്ചാലും ഭയപ്പെടുന്നില്ല. തങ്ങളൊന്നും ഒരു തെറ്റും ചെയ്തിട്ടില്ല. ഇ ഡിയുടെ നിര്‍ദ്ദേശം അനുസരിച്ച് യുഡിഎഫ് സര്‍ക്കാര്‍ കേസെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, അത് തനിക്ക് അറിയില്ലെന്നായിരുന്നു മുഹമ്മദ് റിയാസ് പറഞ്ഞത്. അത് യുഡിഎഫ് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. ഏത് അന്വേഷണം നടന്നാലും നിരപരാധിത്വം പൂര്‍ണമായും തെളിയിക്കാന്‍ സാധിക്കും. നല്ല ആത്മവിശ്വാമുണ്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഡിജിപിക്ക് ഇ ഡി നൽകിയ റിപ്പോർട്ടിൻ്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. കത്തില്‍ പിണറായി വിജയനെതിരെ ഗുരുതര പരാമര്‍ശമാണുള്ളത്. മകള്‍ വീണ ടി വഴി പിണറായി വിജയന് 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കത്തില്‍ പറഞ്ഞത്. പിണറായി വിജയന് പുറമെ മുഹമ്മദ് റിയാസ്, എക്സാലോജിക് എം ഡിയായ വീണ എന്നിവര്‍ക്കെതിരെയും കത്തില്‍ ഗുരുതര ആരോപണമുണ്ട്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചുവെന്നാണ് കത്തില്‍ പറയുന്നത്. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ പിതാവ് പിണറായി വിജയനെയും ഭര്‍ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തിലുണ്ട്. ഇടപാടുകള്‍ക്കായി എക്സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഷൈജല്‍, പി നിഖില്‍, ഹസ്സന് വാരിഷ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണ ടിയെയും മുഹമ്മദ് റിയാസ് എന്നിവരെയും സഹായിച്ചുവെന്നും കത്തില്‍ പറഞ്ഞിരുന്നു.