തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. ശബരിമലയിൽ ഓണത്തിന് ഒരേ പന്തിയിൽ രണ്ട് വിളമ്പ് നടത്തിയെന്നും ഇതിന്റെ ചിത്രങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ആറന്മുള വള്ളസദ്യയിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പങ്കെടുക്കാത്തതിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനാണ് മന്ത്രിയുടെ പ്രതികരണം.
ആറന്മുള വള്ളസദ്യ ഞാനാണ് തുടങ്ങിവച്ചത്. എല്ലാ വർഷവും വകുപ്പ് മന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് എന്തുകൊണ്ടാണ് വരാത്തതെന്ന് എനിക്കറിയില്ല. ഞങ്ങൾ തമ്മിൽ അസംതൃപ്തിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ ബോർഡിൽ ഞാൻ സംതൃപ്തനല്ല. ബോർഡിന്റെ പ്രവർത്തനത്തിൽ സംതൃപ്തിയില്ല. കാരണം തിരുവോണത്തിന് ഒരേ പന്തിയിൽ രണ്ട് വിളമ്പ് നടത്തി. ജീവനക്കാർക്ക് സദ്യ, അല്ലാത്തവർക്ക് മഞ്ഞച്ചോറ്. എന്നിട്ട് പറഞ്ഞു പുലാവാണെന്ന്. പക്ഷേ കണ്ടിട്ട് അങ്ങനെ തോന്നിയില്ല. അതുകൊണ്ട് പ്രവർത്തനത്തിൽ തൃപ്തിയില്ല. പക്ഷേ, കൊച്ചി ദേവസ്വംബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇവരെല്ലാം സർക്കാരുമായി സഹകരിക്കുന്നുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.ശബരിമലയിൽ ഓണസദ്യ സംബന്ധിച്ച് പരാതി ഉയർന്നതിലും സ്പോൺസർമാരെ പൂർണമായി ഒഴിവാക്കുന്നതിലും ദേവസ്വം ബോർഡിനെ കെ.മുരളീധരൻ നേരത്തെ വിമർശിച്ചിരുന്നു. ഭക്തർക്ക് ഓണസദ്യ കിട്ടിയില്ലെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന ബോർഡ് പ്രസിഡന്റിന്റെ വിശദീകരണം പൂർണമായി തളളിയാണ് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകി.












