വിടുതലൈ ചിരുകൾ കക്ഷി (വി.സി.കെ) കേരളം, മഹാത്മാ അയ്യൻകാളി അവാർഡ് കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശന് നൽകി ആദരിക്കുന്നു. ശ്രീനാരായണ ഗുരു അവാർഡ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ശ്രീ. സി. ദിവാകരനും നൽകുന്നു. ജാതിരഹിത സമൂഹം കെട്ടിപ്പടുക്കുന്നതിനായി സംഭാവനകൾ നൽകിയ വ്യക്തികളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഡോ. ബി.ആർ. അംബേദ്കർ, പെരിയാർ, അയ്യോതിദാസ പണ്ഡിതർ, കാമരാജ്, ഖായിദെ മില്ലത്ത്, കാൾ മാർക്സ്, സെമ്മൊഴി എന്നിവരുടെ പേരിലുള്ള അവാർഡുകൾ 20 വർഷമായി വിടുതലൈ ചിരുതൈകൾ കക്ഷി (VCK) ദേശീയ കമ്മിറ്റി നൽകി വരുന്നു.
ദേശീയ കമ്മിറ്റിയെ മാതൃകയാക്കി, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിക്കുന്ന വ്യക്തികളെ വി.സി.കെയുടെ കേരള ഘടകവും ആദരിക്കുന്നു. മഹാത്മാ അയ്യങ്കാളിയുടെ 163-ാം ജന്മവാർഷികത്തോട നുബന്ധിച്ച്, വി.സി.കെ കേരള ഘടകം ഈ വർഷം മഹാത്മാ അയ്യങ്കാളി അവാർഡും ശ്രീനാരായണ ഗുരു അവാർഡും ഏർപ്പെടുത്തിയിരിക്കുന്നു.
അയ്യങ്കാളി വിഭാവനം ചെയ്ത സാമൂഹ്യനീതി, വിദ്യാഭ്യാസം, സമത്വം എന്നിവയോടുള്ള പ്രതിബദ്ധത കണക്കിലെടുത്ത്, പ്രഥമ അവാർഡ് കേരള മുഖ്യ മന്ത്രി ശ്രീ. വി.ഡി. സതീശൻ ഏറ്റുവാങ്ങും.
“മനുഷ്യന് ഒരു ജാതി, ഒരു മതം, ഒരു ദൈവം” എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം മാതൃകയാക്കി അടിസ്ഥാന ജനതയ്ക്കും മതന്യൂനപക്ഷങ്ങൾക്കും തൊഴിലാളിവർഗത്തിനായുമുള്ള ദീർഘകാല സേവനത്തിനും, സി.പി.ഐ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ശ്രീ. സി. ദിവാകരനെ ശ്രീനാരായണ ഗുരു അവാർഡ് നൽകി ആദരിക്കും.
വി.സി.കെ സ്ഥാപകനും ദേശീയ അധ്യക്ഷനുമായ ഡോ. തോൽ തിരുമാവളവൻ MP ചടങ്ങ് ഉദ്ഘാടനം ചെയ്ത് അവാർഡുകൾ സമ്മാനിക്കും.
1904-ൽ ശ്രീനാരായണ ഗുരു സ്ഥാപിച്ച ശിവഗിരി മഠത്തിന്റെ തലവൻ സ്വാമി സച്ചിദാനന്ദ, 1907 ൽ മഹാത്മാ അയ്യങ്കാളി സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിന്റെ പ്രസിഡന്റ് ശ്രീ. ഉണ്ണികൃഷ്ണൻ മാവേലിക്കര എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
വിപുലമായ ആഘോഷപരിപാടികളോടെ വി.സി.കെ കേരള ഘടകമാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. മഹാത്മ അയ്യൻകാളിയുടെയും ശ്രീനാരായണഗുരുവിന്റെയും ആശയങ്ങളുടെ ഐക്യത്തെയും, ജാതിരഹിത കേരളത്തിനായി സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളും ജനാധിപത്യ ഭരണസംവിധാനവും ഒത്തുചേരുന്നതിനെയും ഈ പരിപാടി പ്രതീകവൽക്കരിക്കുന്നുവെന്ന് വി.സി.കെ. (VCK) പ്രസ്താവിക്കുന്നു.
2026 സെപ്തംബർ 2 വൈകുന്നേരം 4 മണിക്ക് മഹാത്മാ അയ്യൻ കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ ദേശീയ ഹെഡ്ക്വാർട്ടർ സെക്രട്ടറിയും കേരള കോ-ഓർഡിനേറ്ററു മായ ഇളം ചെഗുവരെ അദ്ധ്യക്ഷത വഹിക്കും.












