കൊച്ചി: നേപ്പാളില്‍ കുടുങ്ങിയ 36 അംഗ മലയാളി സംഘം കേരളത്തില്‍ തിരിച്ചെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുലര്‍ച്ചെ 2:15 നാണ് സംഘം എത്തിയത്. കണ്ണൂര്‍, കാസര്‍ഗോഡ്, കോട്ടയം, എറണാകുളം സ്വദേശികളാണ് ഒരാഴ്ച്ചത്തെ ടൂര്‍ പാക്കേജില്‍ നേപ്പാളിലേക്ക് പോയത്. കണ്‍മുമ്പില്‍ കണ്ട ദുരന്തത്തിന്റെ ഞെട്ടല്‍ ഇപ്പോഴും വിട്ടു മാറിയിട്ടില്ല ഇവര്‍ക്ക്. ഭീകരമായ ഒഴുക്ക് നേരിട്ട് കാണുകയായിരുന്നുവെന്നും തങ്ങള്‍ ക്രോസ് ചെയ്യേണ്ടിയിരുന്ന ഒരു പാലത്തിലാണ് ദുരന്തം സംഭവിച്ചതെന്നും മടങ്ങിയെത്തവരില്‍ ഒരാള്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. അഞ്ഞൂറ് മീറ്റര്‍ അകലെയായിരുന്നു ഞങ്ങള്‍. കടലില്‍ തിരമാല പോലെ വരുന്ന നദിയാണ് കണ്ടത്. ചെറിയ ഒരു ഏരിയ മാത്രം ഒഴുകിയ നദിയായിരുന്നു. അത് പെട്ടന്ന് ഒരു സമുദ്രം പോലെയായി. മരങ്ങളും വണ്ടികളുമെല്ലാം ഒഴുകിപ്പോകുന്ന അതിഭീകരമായ കാഴ്ചയായിരുന്നു – അവര്‍ പറഞ്ഞു.
അതേസമയം, നേപ്പാളിലെ മിന്നല്‍പ്രളയത്തില്‍ കാണാതായ പൊന്നാനി സ്വദേശി ശ്രീധരന്‍ അയ്യരുടെ ബന്ധുക്കള്‍ നേപ്പാളിലെത്തി. ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ശ്രീധരനെയും കുടുംബത്തെയും കൈലാസ യാത്രയ്ക്കിടെയാണ് കാണാതായത്. കാര്യക്ഷമമായ തിരച്ചില്‍ നടക്കുന്നില്ലെന്ന് ശ്രീധരന്റെ ബന്ധു ശ്രീറാം ട്വന്റിഫോറിനോട് പറഞ്ഞു. അതേസമയം, നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 682 ആയി. കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ദുരന്തത്തില്‍പ്പെട്ട 275 ഇന്ത്യന്‍ പൗരന്മാരെയും 128 ഇന്ത്യന്‍ വംശജരെയും ഇപ്പോഴും കണ്ടെത്താനോ ബന്ധപ്പെടാനോ ആയിട്ടില്ല. എന്നാല്‍, ദുരന്തമുഖത്ത് അകപ്പെട്ട 108 ഇന്ത്യക്കാരെ ഇതുവരെ രക്ഷിക്കാന്‍ ആയെന്നും മുമ്പ് ബന്ധപ്പെടാന്‍ കഴിയാതിരുന്ന 50 ഓളം ഇന്ത്യക്കാരുമായി ബന്ധം പുനഃസ്ഥാപികാനായെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇനിയും ബന്ധപ്പെടാന്‍ ആകാത്ത 7 മലയാളികള്‍ കൂടിയുണ്ടെന്ന് നോര്‍ക്ക അറിയിച്ചു.












