crime Kerala News

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധം: MVDക്കും ഏജൻ്റുമാർക്കും എതിരെ നടപടി വേണമെന്ന് ആവശ്യം

മലപ്പുറം: ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരായ എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരെയും, ഏജന്റുമാര്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കമുണ്ടെന്നാണ് ഓട്ടോ തൊഴിലാളി സംഘടനകളുടെ ആരോപണം.

എംവിഡി ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്റുമാരുടെ വലിയ ലോബി തന്നെ ജില്ലയില്‍ ഉണ്ടെന്നാണ് പരാതി ഉയരുന്നത്. ഇവരെ ഒഴിവാക്കി ഉദ്യോഗസ്ഥരെ നേരിട്ട് സമീപിക്കുന്ന ആര്‍ക്കും ഫിറ്റ്‌നസ് ലഭിച്ചിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്. വാഹനത്തിന് മോഡിഫിക്കേഷന്‍ നടത്തിയെന്നാരോപിച്ചാണ് എംവിഡി ഫിറ്റ്‌നസ് നിഷേധിച്ചത്. ഏജന്റ് മുഖാന്തിരം ആദ്യ തവണ ഫിറ്റ്‌നസ് ലഭിച്ച ഓട്ടോറിക്ഷയ്ക്കാണ് രണ്ടാമത്തെ ഫിറ്റിനസ് പരിശോധനയില്‍ നേരിട്ട് നല്‍കിയ അപേക്ഷയില്‍ ഫിറ്റ്‌നസ് നിഷേധിച്ചത്. ഓട്ടോയില്‍ എംവിഡി പറയുന്ന വിധം മോഡിഫിക്കേഷന്‍ ഇല്ലെന്നും സ്റ്റീല്‍ കമ്പികള്‍ മാത്രമാണ് ഉള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു. മാത്രമല്ല ഫിറ്റ്‌നസിനായി ഓട്ടോ ഡ്രൈവര്‍ നിരവധി തവണ എംവിഡിയെ സമീപിച്ചിരുന്നു എന്നും അവര്‍ പറയുന്നുണ്ട്.

ഒരു ഏജന്റിന്റെ പിന്തുണയില്ലാതെ സംവിധാനം മുന്നോട്ട് പോകില്ലെന്ന എംവിഡി ഉദ്യോഗസ്ഥരുടെ തീരുമാനമാണ് ഷൗക്കത്തിന്റെ മരണത്തില്‍ കലാശിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ അരീക്കോട് പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഓട്ടോ ഡ്രൈവര്‍ മലപ്പുറം സ്വദേശി ഷൗക്കത്ത് ജീവനൊടുക്കിയത്. തന്റെ മരണത്തിന് ഉത്തരവാദികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആണെന്ന് ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. കൈക്കൂലി കൊടുത്തില്ലെന്ന ഏക കാരണം കൊണ്ട് അവര്‍ തന്റെ ജീവിത മാര്‍ഗം തന്നെ തകര്‍ത്തു എന്നാണ് ആരോപണം. കഴിഞ്ഞ പത്ത് മാസമായി താന്‍ ഏജന്റ് ഓഫീസുകള്‍ കയറിയിറങ്ങിയെന്നും ഓട്ടോ ഡ്രൈവറുടെ കുറിപ്പില്‍ പറയുന്നുണ്ട്.

അതേസമയം, ഓട്ടോ ഡ്രൈവറുടെ മരണത്തില്‍ ഗതാഗത മന്ത്രി സി പി ജോണ്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോട് അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Posts

Leave a Reply