crime Kerala News

വയോധികയുടേത് കൊലപാതകം; മകനും പെൺസുഹൃത്തും അറസ്റ്റിൽ

വീടിനുള്ളിൽ വയോധിക ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ മകനടക്കം രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട കോയിപ്രം സ്വദേശിനി പൊന്നമ്മ തോമസ് (75) കൊല്ലപ്പെട്ട സംഭവത്തിൽ മകൻ ടിജോ തോമസ് (37), ഇയാളോടൊപ്പം താമസിച്ചിരുന്ന കൊല്ലം കാവനാട് സ്വദേശിനി റിൻസി മോൾ (37) എന്നിവരെയാണ് കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രിയിൽ‌ ടിജോയും റിൻസിമോളും തമ്മിൽ വീട്ടിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായിരുന്നു. തർക്കം കൈയാങ്കളിയിലെത്തിയപ്പോൾ പിടിച്ചുമാറ്റാൻ എത്തിയതായിരുന്നു പൊന്നമ്മ. ഇതിൽ പ്രകോപിതനായ മകൻ ടിജോ, അമ്മയുടെ നെഞ്ചിൽ ആഞ്ഞ് തൊഴിക്കുകയും ശ്വാസംമുട്ടിച്ച് ശരീരമാസകലം മർദിക്കുകയുമായിരുന്നു. ബോധരഹിതയായ പൊന്നമ്മയെ ടിജോ കട്ടിലിൽ എടുത്തുകിടത്തി. ചൊവ്വാഴ്ച രാവിലെ പൊന്നമ്മയെ കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ ഒരുദിവസം സൂക്ഷിച്ചു. മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

അജ്ഞാത ഫോൺ കോൾ

ബുധനാഴ്ച ഉച്ചയ്ക്ക് തിരുവല്ല ഡിവൈഎസ്പി പി ആർ സന്തോഷിനും കോയിപ്രം എസ്എച്ച്ഒ പങ്കജ് കൃഷ്ണനും പേര് വെളിപ്പെടുത്താത്ത ആളുടെ ഫോൺകോൾ എത്തി. 30 സെക്കൻഡ് മാത്രം തുടർന്ന കോളിൽ, പൊന്നമ്മയുടെ മൃതശരീരം ഒന്നുപോയി കാണൂ എന്നുമാത്രമാണ് പറഞ്ഞത്. പിന്നീട് ഫോൺ സ്വിച്ചോഫ് ആയി. പങ്കജ് കൃഷ്ണൻ ആശുപത്രിയിലെത്തി മൃതദേഹം പരിശോധിച്ചപ്പോൾ പൊന്നമ്മയുടെ ദേഹം മുഴുവൻ പരിക്കും കൈക്ക് ഒടിവും ഉണ്ടെന്ന് മനസ്സിലായി.

Related Posts

Leave a Reply