കുറുപ്പംപടി: 13 കാരിയെ കണ്ടെത്താൻ കേരള പോലീസിന്റെ സാഹസിക യാത്ര. 4000 കിലോമീറ്റർ റോഡ് മാർഗം യാത്ര ചെയ്ത് നക്സൽ മേഖലാ പ്രദേശത്തു നിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുറുപ്പുംപടി പോലീസിന്റെ 4 അംഗ സംഘമാണ് സാഹസിക യാത്ര നടത്തിയത്. ഓഗസ്റ്റ് 13ന് വൈകിട്ട് ആറുമണിയോടെയാണ് പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് കുറുപ്പുംപടി പോലീസിൽ മാതാപിതാക്കൾ പരാതി നൽകുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി ആൺ സുഹൃത്തിനൊപ്പം ഒഡീഷയിൽ ഉണ്ട് എന്ന് കണ്ടെത്തി. തുടർന്ന് കുറുപ്പംപടിയിൽ നിന്നും 4 അംഗ സംഘം പ്രദേശത്തെയ്ക്ക് തിരിച്ചു. ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന നിർണായക വിവരമാണ് പോലീസിന് ലഭിച്ചത്. എന്നാൽ പ്രദേശം നക്സൽ മേഖലയാണ്. പകൽ സമയം പൊലീസ് വാഹനങ്ങൾ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് പ്രായോഗികമല്ലെന്ന് ഒഡീഷ പൊലീസ് അറിയിച്ചതിനാൽ സായുധരായ പൊലീസ് സംഘം രാത്രി 12ന് വനമേഖലയിലൂടെ ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ച് വീടു കണ്ടെത്തിയത്.ചെറിയ വാക്കുതർക്കത്തിനൊടുവിൽ പൊലീസ് ആൺ സുഹൃത്തിനെയും കാണാതായ പെൺകുട്ടിയെയും കണ്ടെത്തി. സംഘം പെൺകുട്ടിയുമായി കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. സബ് ഇൻസ്പെക്ടർ കെ.എം അബി, സീനിയർ സിപിഒമാരായ എൻ.പി ബിന്ദു, അരുൺ കെ.കരുണൻ, രജിത് രാം എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
13കാരിയെ കണ്ടെത്താൻ കുറുപ്പംപടി പൊലീസിന്റെ 4000 കി.മീ സാഹസികയാത്ര












