കൊച്ചി: പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളിയോടെ ഒരു ഓണക്കാലം കൂടി പിറന്നിരിക്കുന്നു. സംസ്ഥാനത്ത് തിരുവോണാഘോഷത്തിന്റെ തുടക്കം കുറിച്ച് ഇന്ന് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര നടക്കും.
ഞായറാഴ്ചയായതിനാല്‍ വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. അത്തംഘോഷയാത്രയുടെ ഭാഗമായി നഗരത്തില്‍ ഇന്ന് രാവിലെ 8 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
അത്തം പിറന്നതോടെ മലയാളികൾ ഔദ്യോഗികമായി ഓണാഘോഷങ്ങളിലേക്ക് കടക്കും.
പൂക്കളങ്ങള്‍, ഓണക്കോടി, ഓണക്കളികള്‍, ഓണസദ്യ തുടങ്ങിയ എല്ലാത്തിനും ഇന്ന് ഒരുക്കം ആഘോഷിക്കും. ഓണപ്പരീക്ഷകള്‍ അവസാനിച്ച് ഓഗസ്റ്റ് 21 ഓടെ കുട്ടികളും ഓണാവധിയിലേക്ക് കടക്കും. പൂക്കളത്തിനായി ഓണവിപണിയില്‍ പൂക്കള്‍ എത്തിത്തുടങ്ങി. സര്‍ക്കാരിന്റേത് അടക്കം വിവിധ ഓണച്ചന്തകള്‍ക്കും തുടക്കം കുറിക്കും.












