Kerala News

തിരൂര്‍ മലയാളം സര്‍വകലാശാലയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയ ഗവേഷക വിദ്യാര്‍ത്ഥി സമരമുഖത്ത്.

മലപ്പുറം: തിരൂര്‍ മലയാളം സര്‍വകലാശാലയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയ ഗവേഷക വിദ്യാര്‍ത്ഥി സമരമുഖത്ത്. ജാതി അധിക്ഷേപം നേരിട്ടെന്ന പരാതിയില്‍ നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം സ്വദേശിയായ അനഘ ശശി സമരമുഖത്തേയ്ക്ക് എത്തിയത്. ജാതി അധിക്ഷേപത്തെക്കുറിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ആരോപണ വിധേയനായ അധ്യാപകനെ മാറ്റി നിര്‍ത്തണം. നീതി ലഭിക്കും വരെ സമരം തുടരുമെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി. വിദ്യാര്‍ത്ഥിക്ക് പിന്തുണയുമായി പി കെ നവാസ് എംഎല്‍എയും വിവിധ സംഘടനകളും രംഗത്തെത്തി. സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന് പി കെ നവാസ് പറഞ്ഞു. വിഷയം സര്‍വകലാശാലയ്ക്ക് പുറത്തുനിന്നുള്ള ഏജന്‍സി അന്വേഷിക്കണം. വിദ്യാര്‍ത്ഥികളെ ഇങ്ങനെ മഴയത്ത് നിര്‍ത്താന്‍ കഴിയില്ല. പെട്ടെന്ന് തന്നെ ചര്‍ച്ച ചെയ്ത് വിഷയത്തില്‍ തീരുമാനം ഉണ്ടാക്കുമെന്നും പി കെ നവാസ് പറഞ്ഞു.

തിരൂര്‍ മലയാളം സര്‍വകലാശാലയ്ക്കെതിരെ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയായിരുന്നു വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. അധ്യാപകനായ ഡോ. അരുണ്‍ ബാബുവില്‍ നിന്ന് ജാതി അധിക്ഷേപം നേരിട്ടതായായിരുന്നു വിദ്യാര്‍ത്ഥി പറഞ്ഞത്. പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. ഗവേഷണേതര തൊഴിലുകളായ തൂപ്പുപണി, പൊടി തുടപ്പിക്കല്‍, ലാബിലെ വസ്തുക്കള്‍ അടുക്കിവെയ്ക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്യിപ്പിച്ചുവെന്ന ഗുരുതര ആരോപണവും വിദ്യാര്‍ത്ഥി ഉന്നയിച്ചിരുന്നു.

ഗവേഷണം സംബന്ധിച്ച് യാതൊരു സഹായങ്ങളും ലഭിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. രണ്ട് വര്‍ഷമായപ്പോള്‍ നിരവധി പരാതികള്‍ നല്‍കി. പലതവണ മഴയത്ത് നിന്നിട്ടുണ്ട്. ഇവിടെ പിഎച്ച്ഡി ചെയ്യണമെങ്കില്‍ താന്‍ പറയുന്നത് കേള്‍ക്കണം എന്നായിരുന്നു അധ്യാപകന്റെ പക്ഷം. ജാതി കാരണമാണ് ഫെല്ലോഷിപ്പ് ലഭിച്ചതെന്നും അല്ലാതെ കഴിവുകൊണ്ടല്ലെന്നും പറയുമായിരുന്നുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. അതേസമയം വിദ്യാര്‍ത്ഥിയുടെ ആരോപണങ്ങള്‍ തള്ളുന്ന നിലപാടായിരുന്നു സര്‍വകലാശാല സ്വീകരിച്ചത്.

Related Posts

Leave a Reply