പള്ളിയിൽ പോകുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് വയോധിക മരിച്ചു. പുല്ലുവിള പീരുപിള്ള വിളാകം ഹോളി ഫാമിലി ഹൗസിൽ മേരി സ്റ്റെല്ല (70) ആണ് മരിച്ചത്. കരുംകുളം പഞ്ചായത്ത് മുൻ അംഗം പുല്ലുവിള ജെ. ആന്റണിയുടെ ഭാര്യയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30-ന് പുല്ലുവിള സെന്റ് ജേക്കബ്സ് ഫൊറോന ദേവാലയത്തിൽ നടക്കും.
ഇന്നലെ പുലർച്ചെ അഞ്ചോടെ പുല്ലുവിള ജങ്ഷനിലായിരുന്നു അപകടം നടന്നത്. പള്ളിയിലേക്ക് പോകുകയായിരുന്ന മേരി സ്റ്റെല്ലയെ അതുവഴി വന്ന വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
അപകടമുണ്ടാക്കി നിർത്താതെ പോയ വാഹനം കണ്ടെത്താൻ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേരി സൗമ്യ, മേരി സ്നേഹ (സൗദി), ആനി, ആൻസി (യു.കെ) എന്നിവരാണ് മക്കൾ. ജയകുമാർ, ബി. ജോയ് (സൗദി), ജയിംസ് എന്നിവർ മരുമക്കളാണ്. ഈ മാസം 18-ന് ഉച്ചയ്ക്ക് മൂന്നിന് പുല്ലുവിള സെന്റ് ജേക്കബ്സ് ദേവാലയത്തിൽ അനുസ്മരണ പ്രാർത്ഥന നടക്കും.












