Kerala News

പട്ടാപ്പകൽ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി പിന്തുടർന്ന് സാഹസികമായി പിടികൂടി

കായംകുളം: പട്ടാപ്പകൽ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി പിന്തുടർന്ന് സാഹസികമായി പിടികൂടി. കറ്റാനം ഇലിപ്പക്കുളം കാരൂർ താഴ്ചയിൽ നെൽസൺ (30) ആണ് പിടിയിലായത്. കൃഷ്ണപുരം കാപ്പിൽ കിഴക്ക് സ്വദേശിനിയും കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം റാം കിഷോറിന്‍റെ ഭാര്യയുമായ രജനിയുടെ മാലയാണ് ഇയാൾ കവർന്നത്. സംഭവത്തിൽ കായംകുളം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു.

കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന് സമീപം രജനി നടത്തുന്ന ബിൽഡിങ് പ്ലാൻ തയ്യാറാക്കുന്ന സ്ഥാപനത്തിൽ കാര്യങ്ങൾ ചോദിച്ചറിയാനെന്ന വ്യാജേനയാണ് മോഷ്ടാവ് എത്തിയത്. സംസാരിച്ചുനിൽക്കുന്നതിനിടെ രജനിയുടെ പിന്നിൽനിന്ന് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്താൻ ശ്രമിക്കുകയും, ഇത് തടയുന്നതിനിടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. മാലയുമായി മോഷ്ടാവ് സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രജനി ഓടിയെത്തി സ്കൂട്ടറിൽ ബലമായി പിടിച്ചു.

യുവതി പിടിവിടുന്നില്ലെന്ന് കണ്ടതോടെ ഇയാൾ രജനിയെ റോഡിലൂടെ വലിച്ചുകൊണ്ട് സ്കൂട്ടർ ഓടിച്ചു. മുന്നോട്ട് നീങ്ങിയതോടെ സ്കൂട്ടർ നിയന്ത്രണംവിട്ട് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലിടിച്ച് മറിയുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻതന്നെ മോഷ്ടാവിനെ വളഞ്ഞുപിടിച്ച് പൊലീസിന് കൈമാറുകയായിരുന്നു.

Related Posts

Leave a Reply