Kerala News

ഗുണ്ടകളുടെ അഴിഞ്ഞാട്ടം കേരളത്തില്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ഗുണ്ടകളുടെ അഴിഞ്ഞാട്ടം കേരളത്തില്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നാട്ടില്‍ ജനങ്ങള്‍ക്കാവശ്യം സമാധാനമാണെന്നും ജീവനും സ്വത്തിനും സംരക്ഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുണ്ടകളെ പോറ്റി വളര്‍ത്തുന്ന ചില ആളുകളുണ്ട്. അവര്‍ മര്യാദയ്ക്കിരിക്കണം. ഗുണ്ടകളെ പോറ്റി വളര്‍ത്തി സ്വാര്‍ഥ താത്പര്യങ്ങള്‍ സംരക്ഷിക്കാമെന്ന് ആരും കരുതണ്ട. നാട്ടില്‍ നിയമമുണ്ട്. നിയമത്തിനനുസരിച്ച് എല്ലാവരും പ്രവര്‍ത്തിക്കണം. എല്ലാ പൗരന്മാര്‍ക്കും നിയമം ഒരുപോലെയാണ്. ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും – അദ്ദേഹം പറഞ്ഞു.

ടി ജി മോഹന്‍ദാസിന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. പരാതി കിട്ടിയപ്പോള്‍ തന്നെ സൈബര്‍ സെല്ലിന് നല്‍കിയതാണെന്നും അവര്‍ വേണ്ട നടപടികള്‍ എടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് പൊലീസിന്റേതായ ജോലി ചെയ്യും. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമപരമായി മുന്നോട്ട് കൊണ്ടുപോകും. എല്ലാം നിയമത്തിന്റെ രീതിയില്‍ മുന്നോട്ട് പോകും. എല്ലാം കോടതിയുടെ നിരീക്ഷണത്തിനും സ്‌ക്രൂട്ടണിക്കും വിധേയമാണ്. വ്യവസ്ഥാപിതമായ നടപടികള്‍ പാലിച്ച് മുന്നോട്ട് പോകും – അദ്ദേഹം വ്യക്തമാക്കി.

ടി ജി മോഹന്‍ദാസിനെതിരെ കേസെടുത്ത് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സൈബര്‍ പൊലീസിന്റെ തുടര്‍നടപടി. ഡല്‍ഹിയില്‍ സിജെപി സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെയായിരുന്നു ടിജി മോഹന്‍ദാസിന്റെ വിദ്വേഷ പരാമര്‍ശം. സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെയും ടിജി മോഹന്‍ദാസ് അശ്ലീല പരാമര്‍ശം നടത്തി. കലാപാഹ്വനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും തുടര്‍നടപടി സ്വീകരിക്കാത്തതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവും ഉയര്‍ന്നു. ശേഷം ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ പൊലീസ് ടി ജി മോഹന്‍ദാസിന്റെ വീട്ടിലെത്തി. പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയിലെടുത്തു. വീടിന് പുറത്തേക്ക് ഇറക്കിയതോടെ ടി ജി മോഹന്‍ദാസിന് അനുകൂല മുദ്രാവാക്യങ്ങളുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തി. കനത്ത സുരക്ഷയിലാണ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയത്.

Related Posts

Leave a Reply