തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി ലത്തീന്‍ സഭ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. സംഭവം ആവര്‍ത്തിക്കുന്നത് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് യൂജിന്‍ പെരേര പറഞ്ഞു. മത്സ്യത്തൊഴിലാളികളോട് പുറംതിരിഞ്ഞു നില്ക്കുന്ന സമീപനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘2018ല്‍ ഓഖിയുണ്ടായപ്പോള്‍ ഭരണകൂടം പരാജയപ്പെട്ടു. അവിടെ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടില്ല. കാലാവസ്ഥാ മുന്നറിയിപ്പിനുള്ള ഫലപ്രദമുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഏജന്‍സി ഉറക്കത്തിലാണ്. ജൂണ്‍ മാസത്തില്‍ ഫിഷറീസ് മന്ത്രിയെ നേരിട്ട് കണ്ട് മുതലപ്പൊഴിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ലൈറ്റ് ലഭിക്കാനുള്ള സംവിധാനം പോലും ചെയ്തിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിക്കാന്‍ സമ്മര്‍ദ്ദം ചെയ്യുന്നുണ്ട്’, യൂജിന്‍ പെരേര പറഞ്ഞു.
കാലാവസ്ഥാ മുന്നറിയിപ്പ് നല്കാന് ഫലപ്രദമായ സംവിധാനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ഒരു സ്ക്വാഡ് ഇല്ല. കൃത്യമായ മേല്‍നോട്ടം വഹിക്കാത്തത് കൊണ്ടാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും യൂജിന്‍ പെരേര പറഞ്ഞു.
അതേസമയം മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിലിനും സര്‍ക്കാരിന്റെ പിന്തുണ അത്യാവശ്യമാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാന് ബിഷപ്പ് ഡോ. ആന്റണി വാലുങ്കല്‍ പറഞ്ഞു. വര്‍ഷകാലത്ത് വറുതിയിലാകുന്ന തീരദേശത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ പ്രാഥമികമായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രഥമ പരിഗണന അത്യാവശ്യമാണെന്നും കടലില്‍ മല്ലിടുന്ന പാവപ്പെട്ടവരുടെ ജീവിതങ്ങളെ സംരക്ഷിക്കുവാനുള്ള ധാര്‍മികമായ ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടെന്ന് ആന്റണി വാലുങ്കല്‍ കൂട്ടിച്ചേര്‍ത്തു. കടലില്‍ കാണാതാകുന്ന മനുഷ്യരുടെ എണ്ണം പെരുകുന്ന ഈ കാലഘട്ടത്തില്‍ അടിയന്തരമായി സര്‍ക്കാരിന്റെ പരിഗണന തീരദേശത്തുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.












