ആശുപത്രിയിലേക്ക് പോകുന്ന വഴി യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും, ആശുപത്രി കവാടത്തിൽ എത്തുന്നതിന് ഏതാനും നിമിഷങ്ങൾക്കുമുമ്പ് ബൈക്കിന്റെ പിന്നിലിരുന്ന് കുഞ്ഞിന് ജന്മം നൽകുകയും ചെയ്ത അപൂർവ സംഭവം വൈറലാകുന്നു. വിയറ്റ്നാമിൽ നടന്ന ഈ സംഭവത്തിൽ, അമ്മയെയും നവജാതശിശുവിനെയും സഹായിക്കാൻ ഡോക്ടർമാരും നഴ്സുമാരും ഓടിയെത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.
പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഓഗസ്റ്റ് 3ന് വിയറ്റ്നാമിലെ തായ് ന്യൂയൻ പ്രവിശ്യയിലുള്ള ഫു ലുഓങ് ആശുപത്രിയിലാണ് സംഭവം നടന്നത്. 32 ആഴ്ച മാത്രം ഗർഭിണിയായിരുന്ന (ഏകദേശം എട്ടു മാസം) 25-കാരിയായ യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ് മോട്ടോർ സൈക്കിളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
എന്നാൽ ആശുപത്രി വളപ്പിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ യുവതി പ്രസവിക്കുകയും മോട്ടോർ സൈക്കിളിൽ വെച്ച് തന്നെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എക്സിൽ പങ്കുവെച്ച വീഡിയോയിൽ, ഭർത്താവിന്റെ സഹായത്തോടെ യുവതി മോട്ടോർ സൈക്കിളിൽ നിലയുറപ്പിച്ചിരിക്കുന്നതും, ആശുപത്രി ജീവനക്കാർ പെട്ടെന്ന് ചുറ്റും കൂടി കുഞ്ഞിനെയും അമ്മയെയും സഹായിക്കുന്നതും കാണാം.
യുവതിയുടെ വസ്ത്രത്തിനുള്ളിൽ പൊക്കിൾക്കൊടി വേർപെടാത്ത നിലയിലാണ് മാസം തികയാതെ ജനിച്ച കുഞ്ഞിനെ കണ്ടെത്തിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. തുടർന്ന് ആരോഗ്യപ്രവർത്തകർ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി മാറ്റി, പൊക്കിൾക്കൊടി മുറിച്ച് മാറ്റി ഇരുവർക്കും ആവശ്യമായ പരിചരണം നൽകി.
യുവതിയുടെ നാലാമത്തെ പ്രസവമായിരുന്നു ഇതെന്നും ഗർഭച്ഛിദ്ര സാധ്യത മുന്നിൽക്കണ്ട് ഇതേ ആശുപത്രിയിൽ മുമ്പ് ചികിത്സ തേടിയിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. പ്രസവവേദന പെട്ടെന്ന് കഠിനമായതിനാലാണ് കുടുംബത്തിന് മറ്റ് മുന്നൊരുക്കങ്ങൾക്കൊന്നും സമയം ലഭിക്കാതിരുന്നത്. നിലവിൽ അമ്മയും കുഞ്ഞും സുരക്ഷിതരായിരിക്കുന്നുവെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു.












