
തോട്ടപ്പള്ളി പൊഴി മുറിക്കൽ വീഴ്ചയിൽ മാധ്യമങ്ങളെ പഴിച്ച് ആലപ്പുഴ ജില്ലാ കളക്ടർ. പൊഴി മുറിക്കാത്തതിലും മാലിന്യം നീക്കാത്തതിലും ഉയർന്ന വിമർശനം മീഡിയാ പ്രൊപ്പഗാണ്ടയെന്നാണ് ഫേസ്ബുക്ക് വീഡിയോയിൽ ജില്ലാ കളക്ടർ ഷാജി വി നായർ പറയുന്നത്. നേരത്തെ പൊഴി മുറിച്ചിരുന്നു. കൃതയമായ നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. ഇല്ലെങ്കിൽ വലിയ വെള്ളപ്പൊക്കം ഉണ്ടായേനെ എന്നുമാണ് വിചിത്രവാദം. NHAIയുടെ താൽകാലിക പാലം പൊളിച്ചു മാറ്റാൻ നേരത്തെ നിർദേശം നൽകിയിരുന്നുവെന്നും എന്നിട്ടും ചെയ്തില്ലെന്ന് കളക്ടർ വീഡിയോയിൽ പറയുന്നു. കഴിഞ്ഞ ദിവസം ദുരന്ത നിവാരണ നിയമപ്രകാരം നോട്ടിസ് നൽകി. ഇന്നലെ രാവിലെ 10.30 ന് പൊളിച്ചു മാറ്റാമെന്ന് NHAI അറിയിച്ചിരുന്നെന്നും കളക്ടർ പറയുന്നു. 2018ന് ശേഷം ആദ്യമായാണ് കുട്ടനാട്ടിൽ ഇത്രയും വലിയ വെള്ളപ്പൊക്കം. അതിതീവ്ര മഴ പെയ്യാതിരുന്നിട്ടും എന്താണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന അന്വേഷണമാണ് തോട്ടപ്പള്ളി പൊഴിയിലെത്തിയത്.
പ്രളയ ജലത്തിന്റെ ഒഴുക്കിൽ സ്വാഭാവികമായി മുറിഞ്ഞ 100 മീറ്റർ അല്ലാതെ ഇറിഗേഷൻ വകുപ്പ് ഒരു മീറ്റർ പോലും പൊഴി മുറിച്ചു മാറ്റിയിട്ടില്ലായിരുന്നു. കുട്ടനാടിനെ വെള്ളത്തിലാക്കിയ അതീവ ഗുരുതര അനാസ്ഥയാണ് ട്വന്റിഫോർ പുറത്തുവിട്ടത്. സ്പിൽ വെയിൽ ആകെയുള്ളത് 40 ഷട്ടറുകൾ. തുറന്നത് 39 എണ്ണം. ഷട്ടറുകളുടെ ആകെ നീളം 350 മീറ്ററിൽ അധികം വരും. ഇതിലൂടെ ഒഴുകിവരുന്ന പ്രളയജലം കടലിലേക്ക് സുഗമമായി എത്തണമെങ്കിൽ പൊഴിയും ആനുപാതികമായി മുറിക്കണം. കുട്ടനാട് പൂർണ്ണമായും മുങ്ങിയിട്ടും പൊഴി മുറിക്കാൻ ഇറിഗേഷൻ വകുപ്പ് തയ്യാറായില്ല.
വാർത്തയ്ക്ക് പിന്നാലെ മണിക്കൂറുകൾക്കകം മൂന്ന് എസ്കവേറ്ററുകൾ തൊട്ടപ്പള്ളി പൊഴിയിൽ എത്തി മണ്ണ് നീക്കി തുടങ്ങുകയായിരുന്നു. ഒഴുക്കിന് തടസ്സമായി സ്പിൽവേ ഷട്ടറുകളിൽ തങ്ങിനിന്ന മാലിന്യവും നീക്കാൻ തുടങ്ങി. പിന്നാലെ മന്ത്രിമാരായ രമേശ് ചെന്നിത്തലയും ലിജുവും പൊഴിമുഖത്തെത്തി. പൊഴി മുറിക്കാൻ അതിവേഗ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാരിന്റെ ഉറപ്പ്. മൂന്ന് മാസം മുമ്പ് ചെയ്യേണ്ട പ്രവർത്തികളാണ് കുട്ടനാട് പൂർണമായും മുങ്ങിയ ശേഷം ഇന്ന് ചെയ്തു തുടങ്ങിയത്. സർക്കാരിന് കണ്ണ് തുറക്കാൻ വാർത്ത വേണ്ടി വന്നു.












