Kerala News

ഭ‍‍‍‍ർത്താവിനും ഭർതൃവീട്ടുകാ‍‍‍ർക്കുമെതിരെ യുവതി നൽകിയ പരാതിയിൽ തെറ്റായ റിപ്പോ‍‍ർട്ട് സമർപ്പിച്ച എസ്എച്ച്ഒയോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി

കൊച്ചി: ഭ‍‍‍‍ർത്താവിനും ഭർതൃവീട്ടുകാ‍‍‍ർക്കുമെതിരെ യുവതി നൽകിയ പരാതിയിൽ തെറ്റായ റിപ്പോ‍‍ർട്ട് സമർപ്പിച്ച എസ്എച്ച്ഒയോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതിയുടെ നി‍ർദേശം.പത്തനംതിട്ട തണ്ണിത്തോട് എസ്എച്ച്ഒയായോടാണ് ഫെബ്രുവരി മൂന്നിന് ഹാജരായി വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് നിർദ്ദേശം. അതുവരെ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും നി‍‍ർദ്ദേശമുണ്ട്. ജനുവരി 31ന് ഉള്ളിൽ ഈ വിഷയത്തിൽ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. തനിക്ക് വിവാഹസമ്മാനമായി ലഭിച്ച സ്വർണവും പണവും ഭർതൃവീട്ടുകാർ തട്ടിയെടുത്തെന്നും ഭർത്താവ് തന്റെ നഗ്നചിത്രങ്ങളെടുത്ത് സുഹൃത്തുക്കൾക്ക് അയച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യുവതി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവും വീട്ടുകാരും മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയതോടെ ഡിസംബർ 16ന് ഹർജി തീർപ്പാക്കുകയും ചെയ്തു.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവർക്ക് പൊലീസ് നോട്ടീസ് അയച്ചു. 2024 ഡിസംബർ 18ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ തണ്ണിത്തോട് എസ്എച്ച്ഒ വികെ വിജയരാഘവനാണ് യുവതിയുടെ ഭ‍ർതൃവീട്ടുകാർക്ക് നോട്ടീസ് അയച്ചത്. ചോദ്യം ചെയ്യലിന് അടുത്തദിവസം ഹാജരാകാനായിരുന്നു നിർദേശം നൽകിയത്. ഇതോടെയാണു നവംബർ 19ന് പരാതിയിൽ കേസെടുത്തിട്ടുണ്ടെന്ന കാര്യം വ്യക്തമായത്. തുടർന്ന് ഇവർ മുൻകൂർ ജാമ്യഹർജിയുമായി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഹർജി തീർപ്പാക്കുന്ന സമയത്തു കേസെടുത്തിട്ടില്ലെന്ന് എസ്എച്ച്ഒ അറിയിച്ചത് തെറ്റാണെന്നു ബോധ്യപ്പെട്ടതോടെയാണ് കോടതി നടപടി.

Related Posts

Leave a Reply