ഉപഭോക്തൃ സൗഹൃദ പരിപാടികളുമായി കെ എസ് ഇ ബി. ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി പ്രദാനം ചെയ്യുക, ഉപഭോക്താക്കളുമായുള്ള ഹൃദയബന്ധം കൂടുതൽ ഊഷ്മളവും വിശ്വസ്തവുമാക്കി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ പദ്ധതി.
ആദ്യപടിയെന്നോണം ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് ഉപഭോക്തൃ സേവന ദിനമായും തുടർന്നുള്ള ഒരാഴ്ചക്കാലം ഉപഭോക്തൃ സേവന വാരമായും ആചരിക്കാന്‍ കെ.എസ്.ഇ.ബി. തീരുമാനിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2 രാവിലെ 10-ന് പാലക്കാട്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും.
ഒക്ടോബർ 2ന് ഉപഭോക്തൃ സേവനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ജീവനക്കാരും ഓഫീസർമാരും അവരുടെ കാര്യാലയങ്ങളിൽ എത്തിച്ചേരും. അതത് കാര്യാലയങ്ങളിലെ ഉപഭോക്തൃ സേവന സംബന്ധിയായ പ്രശ്നങ്ങളെയും പരിമിതികളെയും കുറിച്ച് ജീവനക്കാർ ചേർന്ന് ചർച്ച ചെയ്യുകയും സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കുകയും ചെയ്യും.
കൂടാതെ ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതിയുടെ നടത്തിപ്പ് കൃത്യമായും കാര്യക്ഷമമായും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും പുതിയ കണക്ഷനുകൾ നിയമപരമായ തടസ്സങ്ങളൊന്നുമില്ലെങ്കില്‍ അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളിൽതന്നെ നല്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുന്നതുമാണ്.