Kerala News

വാളയാർ‌ കേസില്‍ പ്രതികള്‍ തടസ്സഹര്‍ജി നല്‍കി – “നുണപരിശോധനയ്ക്ക് തയ്യാറല്ല”

പാലക്കാട്: വാളയാർ‌ കേസിൽ സിബിഐയുടെ നുണപരിശോധന ഹർജിക്കെതിരെ പ്രതിഭാഗം തടസ്സ ഹർജി നൽകി. പ്രതികൾ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് പ്രതിഭാഗം കോടതിയിൽ അറിയിച്ചു. നേരത്തെ അന്വേഷണസംഘം സമാന ആവശ്യം ഉന്നയിച്ച സമയത്ത് കോടതി നുണപരിശോധനയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നും പ്രതിഭാഗം പറഞ്ഞു. പാലക്കാട് പോക്സോ കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ഹർജി ഈ മാസം 15 ന് വീണ്ടും പരിഗണിക്കും.

അട്ടപ്പാടിയിലെ മധു കൊലപാതക കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു രാജേഷ് എം മേനോനെ സിബിഐയുടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് വാളയാറിൽ മരിച്ച പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് പുറത്തുള്ള സിബിഐ യൂണിറ്റിനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസ്സുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് ആറിന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 2017 മാർച്ച് 12 ന് മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു. പ്രദീപ് കുമാർ പിന്നീട് ജീവനൊടുക്കി.

വാളയാർ കേസിൽ കേരള പൊലീസിനെപോലെ സിബിഐയും കുട്ടികളുടേത് ആത്മഹത്യയാണെന്ന് പറഞ്ഞതോടെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സിബിഐ സമർപ്പിച്ച കുറ്റപ്പത്രം റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും അമ്മ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് അന്വേഷിച്ച ഏജൻസികൾ ശാസ്ത്രീയ തെളിവുകൾ അവ​ഗണിച്ചുവെന്ന ആരോപണമുയർന്നിരുന്നു.

Related Posts

Leave a Reply