2026-ലെ കേരളം മുതിര്ന്ന പൗരന്മാരുടെ (പരിചരണവും അവകാശസംരക്ഷണവും) ബില്ലിന്റെ അവതരണവും സബ്ജ്ക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന ഉപക്ഷേപവും അവതരിപ്പിച്ച് ഒക്ടോബർ 13ന് മുഖ്യമന്ത്രി വി.ഡി സതീശന് നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ.
ഈ ബില് പാസാകുന്നതോടെ മുതിര്ന്ന പൗരന്മാരുടെ സംരക്ഷണത്തിന്റെ കാര്യത്തില് കേരള നിയമസഭ ലോകത്തിന് മാതൃകയായി മാറുകയാണ്. ഇന്ത്യയില് ആദ്യമായി മുതിര്ന്ന പൗരന്മാര്ക്ക് ഒരു ഡിപ്പാര്ട്ട്മെന്റ് ഉണ്ടാക്കിയ സംസ്ഥാനം കേരളമാണ്. അത് തിരഞ്ഞെടുപ്പ് കാലത്ത് കൊടുത്ത ഗ്യാരണ്ടിയാണ്. ആദ്യത്തെ ക്യാബിനറ്റ് യോഗത്തില് തന്നെ തീരുമാനം എടുത്ത് അത് നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള നടപടികള് സ്വീകരിച്ചു.
കേരളം നിരവധി കാര്യങ്ങള് ചര്ച്ച ചെയ്യുന്നുണ്ടെങ്കിലും ഡെമോഗ്രാഫിക്ക് ചെയ്ഞ്ചസ് കാണാതെ പോകരുത്. അത്ഭുതകരമായ മാറ്റമാണ് ജനസംഖ്യയുടെ കാര്യത്തില് കേരളത്തിലുണ്ടാകുന്നത്. ഡെമോഗ്രാഫിക്ക് ഡിവിഡന്റ് എന്ന് നമ്മള് അവകാശപ്പെടുന്ന യംഗ്സ്റ്റേഴ്സിന്റെ എണ്ണം വളരെ ചുരുങ്ങി വരികയാണ്.പല കാരണങ്ങള് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഒന്ന് ജനസംഖ്യയിലെ മാറ്റങ്ങള്, വൈകിയുള്ള വിവാഹങ്ങള്, പിന്നെ കുട്ടികള് വേണമോ എന്ന് തുടങ്ങിയുള്ള വിഷയങ്ങള്. കുട്ടികളുടെ എണ്ണം കുറയുകയാണ്. ചെറുപ്പക്കാരുടെ എണ്ണം അതിനനുസരിച്ച് കുറയുകയാണ്. എസ്. എസ്. എല്.സി പരീക്ഷ എത്ര കുട്ടികള് എഴുതുന്നുണ്ട്. എത്ര കുട്ടികള് ഒന്നാം ക്ലാസില് ചേര്ന്നിട്ടുണ്ട് എന്ന് നോക്കിയാല് മാത്രം അറിയാം ഈ വ്യത്യാസം.
അതോടൊപ്പം തന്നെ ബ്രയിന് ഡ്രയിന് സംഭവിക്കുകയാണ്. വ്യാപകമായി വിദ്യാഭ്യാസത്തിനും മറ്റുമായി വിദ്യാര്ത്ഥികളുടെ, ചെറുപ്പക്കാരുടെ വലിയ ഗ്രൂപ്പുകളായി കേരളത്തില് നിന്ന് പുറത്തേക്ക് പോകുകയാണ്. അപ്പോള് കേരളത്തിന്റെ ജനസംഖ്യാമാറ്റത്തില് ചെറുപ്പക്കാരുടെ എണ്ണം ഗണ്യമായി കുറയുകയാണ്. അതേ അവസരത്തില് ആയുര്ദൈര്ഘ്യം വര്ധിക്കുകയാണ്. ആയുര്ദൈര്ഘ്യം വര്ധിക്കുമ്പോള് സീനിയര് സിറ്റിസണ്സിന്റെ എണ്ണം ക്രമാതീതമായി ഉയരും. 2036 ആകുമ്പോള് ഇന്ത്യയുടെ നാഷണല് ആവറേജിന്റെ ഇരട്ടിയായിരിക്കും കേരളത്തിലെ മുതിര്ന്ന പൗരന്മാരുടെ എണ്ണമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
2036-ല് നമ്മള് ഓരോ കാര്യങ്ങള് പ്ലാന് ചെയ്യുമ്പോഴും ഡെമേഗ്രാഫിക്ക് ചെയ്ഞ്ചസ് എല്ലാ പ്ലാനിംഗിന്റെയും എല്ലാ ആസൂത്രണത്തിന്റെയും പ്രധാന ഘടകമാകണം. വലിയൊരു വിഭാഗം സീനിയര് സിറ്റിസണ്സ് ആയി മാറുമ്പോള് രണ്ട് കാര്യങ്ങളുണ്ട്;












