Kerala News

വൈകാരിക പ്രതികരണവുമായി നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ച വയനാട് സ്വദേശി ദേവികയുടെ കുടുംബം

വയനാട്: വൈകാരിക പ്രതികരണവുമായി നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ച വയനാട് സ്വദേശി ദേവികയുടെ കുടുംബം. കേസുമായി മുന്നോട്ട് പോകും, ഏതറ്റം വരെയും പോകുമെന്ന് കുടുംബം വ്യക്തമാക്കി. പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ അമ്മാവൻ സന്ദീപ് ആവശ്യപ്പെട്ടു. സ്ഥലം വിറ്റാണ് ദേവികയെ പഠിപ്പിച്ചത്. അപകടത്തിൽ മരിച്ച മൂന്ന് കുട്ടികളും കുടുംബത്തിന്റെ ഏക ആശ്രയമാണെന്നും സന്ദീപ് പറഞ്ഞു. പ്രതി വളരെ പെട്ടന്ന് ജാമ്യത്തിലിറങ്ങാൻ സാധ്യതയുണ്ട്. കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സർക്കാർ ഞങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് വിശ്വാസമെന്നും കുടുംബം കൂട്ടിച്ചേർത്തു. വീടിന്റെ വിളക്കാണ് നഷ്ടമായത്. കുടുംബത്തിന്റെ ഏക ആശ്രയം. രണ്ട് മാസത്തിനുള്ളിൽ ദേവിക വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു. ഈ ഗതി മറ്റാർക്കും ഉണ്ടാകരുതെന്ന് കുടുംബം പ്രതികരിച്ചു.

സുഹൈൽ സജീവിനെ കുട്ടികളെ പാർപ്പിക്കുന്ന ജയിലിൽ ആണ് റിമാൻഡ് ചെയ്തിരിക്കുന്നത് എന്ന് അറിഞ്ഞു. കുട്ടികളുടെ ജയിലിൽ ആണോ കൈകാര്യം ചെയ്യേണ്ടതെന്ന് അമ്മാവൻ സന്ദീപ് ചോദിച്ചു. ഇത്ര വലിയ കുറ്റകൃത്യം ചെയ്തയാളെ കുട്ടികളുടെ ജയിലിൽ ആണോ ഇടുക. കുടുംബത്തിന്റെ ഇടപെടൽ ആണോ എന്ന് സംശയമുണ്ടെന്നും അദേഹം ആരോപിച്ചു.

അതേസമയം അപകട സമയത്ത് കാറോടിച്ചത് നൂറ്റമ്പത് കിലോമീറ്ററിലേറെ വേഗത്തിലെന്ന് പ്രതി സുഹൈൽ സജീവിന്റെ മൊഴി പുറത്തുവന്നു. അപകടദിവസം പത്തൊമ്പതുകാരനായ സുഹൈൽ മദ്യപിക്കാൻ കയറിയ മൂന്ന് ബാറുകൾക്കെതിെരെ എക്സൈസ് കേസെടുത്തു. സുഹൈലിനെയും സുഹൃത്ത് നിനവിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന നിനവിന്റെ സുഹൃത്തുക്കൾ ആലപ്പുഴ സ്വദേശികളായ അമീറിനെയും ജോയലിനെയും പോലീസ് അറസ്റ്റ് ചെയ്തു.

Related Posts

Leave a Reply