കൊച്ചി: ട്രാൻസ്ജെൻഡറിൻ്റെ പരാതിയിൽ ഷോർട്ട് ഫിലിം സംവിധായകൻ വിനീതിനെതിരെ പൊലീസ് കേസെടുത്തു. ചിറ്റൂർ ഫെറിക്കടുത്തുള്ള വാടക വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ അലൻ ജോസ് പെരേര, ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
അലൻ ജോസും സന്തോഷ് വര്‍ക്കിയും ലൈംഗികമായി വഴങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നാണ് ട്രാൻസ്ജെൻഡറിൻ്റെ പരാതി. ഏപ്രിൽ 5 ന് ഉണ്ടായ അതിക്രമത്തിലാണ് സംവിധായകൻ വിനീതിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബ്രൈറ്റ്, അഭിലാഷ് എന്നീ ഷോര്‍ട്ട് ഫിലം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാൻ എന്ന പേരില്‍ എത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെയും അലൻ ജോസ് പെരെരയുടെയും ഉള്‍പ്പെടെ പേരുകള്‍ പറഞ്ഞ് ഇവരുടെ ലൈംഗിക താല്പര്യത്തിന് വഴങ്ങണമെന്ന് വിനീത് പറഞ്ഞതായും പരാതിയുണ്ട്.
അതേസമയം, കൊച്ചിയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നാല് സിനിമാ താരങ്ങൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നീ താരങ്ങൾക്കെതിരെയും പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിച്ചു എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.