മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. തൊഴില്‍ വിലക്കിന്റെ മാഫിയവയ്ക്കരണം മലയാള സിനിമയിലെ ഗൗരവതരമായ പ്രശ്‌നമാണെന്ന് വിനയന്‍ ഫേസ്ബുക്കിലൂടെ തുറന്നടിച്ചു. വിലക്കലായിരുന്നു സിനിമയിലെ പീഡനങ്ങളുടെ ബ്ലാക്ക് മെയില്‍ തന്ത്രം. മാക്ട ഫെഡറേഷന്‍ തകര്‍ക്കതില്‍ നിന്നല്ലേ തെമ്മാടിത്തരത്തിന്റെയെല്ലാം തുടക്കമെന്ന് വിനയന്‍ ചോദിക്കുന്നു. ഇത് കാലത്തിന്റെ കാവ്യനീതിയാണ്. മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്നവര്‍ മനസാക്ഷിയുടെ കണ്ണാടിയിലേക്ക് ഒന്ന് നോക്കണമെന്നും നിങ്ങളുടെ മുഖം വികൃതമല്ലേയെന്നും വിനയന്‍ ചോദിച്ചു.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിയില്‍ വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ.. ദയവായി നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ…. നിങ്ങളുടെ മുഖം വികൃതമല്ലേ…?
സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേക്കു കടന്നു വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതില്‍ നിന്നും അവര്‍ക്കു സംരക്ഷണം കൊടുക്കേണ്ടതിന്റെ പ്രഥമ കടമ സംഘടനകള്‍ക്കാണ്..
അതിലവര്‍ എടുക്കുന്ന നിലപാടുകള്‍ ഏമാനെ സുഖിപ്പിക്കുന്നതാകരുത്. സ്ത്രീ സുരക്ഷ പോലെ തന്നെ ഗൌരവതരമാണ് സിനിമയിലെ തൊഴില്‍ വിലക്കിന്റെ മാഫിയാ വല്‍ക്കരണം.ആ ഉമ്മാക്കിയാണല്ലോ ഈ പീഢനങ്ങളുടെ എല്ലാം ബ്‌ളാക്‌മെയില്‍ തന്ത്രം.