ലക്നൗ: ഹാഥ്റസിലെ മരണങ്ങൾ അപകടമല്ല ഗൂഢാലോചനയെന്ന് ആൾദൈവം ഭോലേ ബാബ എന്ന സൂരജ് പാലിന്റെ അഭിഭാഷകൻ. 121 പേരുടെ മരണത്തിന് ഇടയാക്കിയ, ജൂലൈ രണ്ടിലെ സത്‍സംഗിൽ മുഖം മറച്ച 15 ഓ 16 ഓ ആളുകൾ ഉണ്ടായിരുന്നു. ഇവർ ആൾക്കൂട്ടത്തിലേക്ക് വിഷപ്പുക സ്പ്രേ ചെയ്ത് കാറിൽ കയറി രക്ഷപ്പെട്ടുവെന്നാണ് അഭിഭാഷകൻ എ പി സിങ്ങിന്റെ വാദം.
ഭോലെ ബാബയെ കുടുക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച എ പി സിങ്, പൊലീസ്, അഗ്നിശമന, ട്രാഫിക് വകുപ്പുകളിൽ നിന്ന് എടുത്ത ക്ലിയറൻസ് രസീതികൾ മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാണിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ഇയാൾ പൊലീസിനോട് ആവശ്യപ്പെട്ടു. ഇത് അപകടമല്ല, കൊലപാതകമാണെന്നാണ് ഇയാളുടെ വാദം.
സംഭവത്തിൽ ഇതുവരെ യുപി പൊലീസ് ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ രണ്ട് സ്ത്രീകളും മൂന്ന് വൃദ്ധരും ഉൾപ്പെടും. ഇതിൽ ചിലർ സത്‍സംഗിന്റെ സംഘാടകരാണ്. സത്‍സംഗിന്റെ പ്രധാന സംഘാടകനായ ദേവ് പ്രകാശ് മധുകർ ആണ് മുഖ്യപ്രതി.
ഭോലെ ബാബയുടെ പരിപാടികളുടെ ഫണ്ട് റൈസറാണ് മധുകർ. ഭോലെ ബാബക്കായി സംഭാവനകൾ സ്വീകരിക്കുന്നതും മധുകർ ആണ്. ചികിത്സയ്ക്കായി ഡൽഹിയിലെത്തിയ മധുകർ അവിടെ പൊലീസിൽ കീഴടങ്ങുകയായിരുന്നുവെന്നാണ് എ പി സിങ്ങിന്റെ വാദം. എന്നാൽ മരണങ്ങളിൽ കേസെടുത്ത പൊലീസ് ഇതുവരെയും ഭോലെ ബാബയെ എഫ്ഐആറിൽ പ്രതി ചേർത്തിട്ടില്ല. സംഭവം നടന്ന ജൂലൈ 2 മുതൽ ഇയാൾ എവിടെയാണെന്നും വ്യക്തമല്ല.
ഹഥ്റാസ് ദുരന്തത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൈക്കോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ദുരന്തങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നൽകിയിട്ടുണ്ട്.
