ആലപ്പുഴ: സ്ത്രീധന പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബിപിന്‍ സി ബാബു നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഭാര്യ നല്കിയ പരാതിയില്‍ ആലപ്പുഴ കരീലക്കുളങ്ങര പൊലീസ് കേസെടുത്തിരുന്നു. ഇതിലാണ് ബിപിന്‍ സി ബാബു മുന്‍കൂര്‍ ജാമ്യം തേടിയത്. പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. ഭാര്യ നല്കിയ പരാതി വാസ്തവ വിരുദ്ധമാണ്. പാര്‍ട്ടി വിട്ടതിന്റെ പകപോക്കലിന്റെ ഭാഗമാണ് പരാതിയെന്നും ഹര്‍ജിയിലുണ്ട്. ബിബിന്റെ അമ്മയും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ പ്രസന്ന കുമാരി കേസിലെ രണ്ടാം പ്രതിയാണ്.
വിവാഹത്തിന് ബിബിന്‍ സി ബാബു പത്തുലക്ഷം രൂപ സ്ത്രീധനം വാങ്ങി, കൂടുതല്‍ സ്ത്രീധനം ചോദിച്ച് ശാരീരികമായി ഉപദ്രവിച്ചുവെന്നുമുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച പരാതിയില്‍ ആരോപിച്ചിരുന്നത്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് മര്‍ദിച്ചു, ഇസ്തിരിപ്പെട്ടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചു, മുഖത്തടിച്ചു തുടങ്ങിയ ആരോപണങ്ങളും ഭാര്യ ഉന്നയിച്ചിട്ടുണ്ട്.
മഹിളാ അസോസിയേഷന് ജില്ലാ നേതാവും ഡിവൈഎഫ്ഐ അംഗവുമാണ് ഭാര്യ. അടുത്തിടെയാണ് ബിബിന്‍ സി ബാബു പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ ‘പോയി തന്നതിന് നന്ദി’ എന്നെഴുതിയ കേക്ക് മുറിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ ആഘോഷിച്ചിരുന്നു.