ന്യൂഡല്‍ഹി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആർജെയുമായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആർജെ സിമ്രാൻ എന്നറിയപ്പെടുന്ന സിമ്രാൻ സിങ് (25) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാമിൽ ഏഴ് ലക്ഷത്തോളം ഫോളോവേഴ്സാണ് സിമ്രാനുളളത്. യുവതി ജമ്മു കശ്മീർ സ്വദേശിയാണ്. ഗുരുഗ്രാമിൽ വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സിമ്രാൻ റൂമിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്നാണ് ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് പൊലീസിൽ വിവരം അറിയിക്കുന്നത്. പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് പരിശോധനയിൽ ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. മരണത്തിൽ കുടുംബം പരാതി നൽകിയിട്ടില്ലെന്നും ദുരൂഹതകളില്ലെന്നും പൊലീസ് പറഞ്ഞു. മൃതദേഹം കുടുംബത്തിന് കൈമാറിയതായും പൊലീസ് അറിയിച്ചു. സിമ്രാൻ കുറച്ചു നാളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ജമ്മു കി ധഡ്കൻ (ജമ്മുവിൻ്റെ ഹൃദയമിടിപ്പ് എന്നാണ് സിമ്രാൻ ജമ്മു കശ്മീർ അറിയപ്പെട്ടിരുന്നത്.