ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിലുണ്ടായ വെള്ളക്കെട്ടില്‍ വീണ് മരിച്ച മലയാളി വിദ്യാര്‍ത്ഥി നെവിന് ഡാല്‍വിന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വൈകുന്നേരത്തോടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ട് പോകും. ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയുടെ മോര്‍ച്ചറിയിലാണ് രാജേന്ദ്ര നഗറിലെ റാവൂസ് സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിലെ ബേസ്മെന്റില്‍ വെള്ളം കയറി ഉണ്ടായ അപകടത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശി നെവിന് ഡാല്‍വിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
നെവിന്റെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. രാവിലെ 10 മണിക്ക് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിക്കും. വൈകിട്ട് 8.45 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ഇതിനുവേണ്ട എല്ലാ സഹായവും കേരള സര്‍ക്കാര്‍ ബന്ധുക്കളുമായി സംസാരിച്ച ശേഷം ചെയ്തുനല്‍കും. തിരുവനന്തപുരം സ്വദേശിയായ നെവിന്റെ കുടുംബം അമ്മയുടെ ജോലി സംബന്ധമായാണ് കൊച്ചിയില്‍ താമസിക്കുന്നത്.
നെവിനൊപ്പം അപകടത്തില്‍ മരിച്ച രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ പ്രതിഷേധം തുടരുകയാണ്. റോഡില്‍ മെഴുകുതിരി കത്തിച്ച് നിരവധി പേര് പ്രതിഷേധിച്ചു. നിയമങ്ങള്‍ ലംഘിച്ച് ബേസ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. ബേസ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന എട്ട് കോച്ചിംഗ് സെന്ററുകള്‍ കണ്ടെത്തുകയും മൂന്നെണ്ണം സീല്‍ ചെയ്യുകയും ചെയ്തു. മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് എംസിഡി അഡീഷണല്‍ കമ്മീഷണര്‍ താരിഖ് തോമസ് അറിയിച്ചു.