സിപിഐഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളുമായി മധു മുല്ലശേരി ചർച്ച നടത്തി. ഇന്ന് രാവിലെ 11 മണിക്ക് ബിജെപി സംസ്ഥാന നേതാക്കൾ, മധുവിന്റെ വീട്ടിലെത്തി പാർട്ടിയിലേക്ക് ക്ഷണിക്കും. പിന്നാലെ അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന.
തിരുവനന്തപുരത്ത് മംഗലപുരം ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയിൽ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെയാണ് മധുവിന്റെ ബിജെപി പ്രവേശനം. മധു മുല്ലശ്ശേരിയെ പൂർണമായും തള്ളി സിപിഐഎം നേതൃത്വം രംഗത്തെത്തിയിരുന്നു. കോൺഗ്രസും, ബിജെപി ഉൾപ്പെടെയുള്ള പാർട്ടികളും തന്നെ സമീപിച്ചെന്നായിരുന്നു മധു മുല്ലശ്ശേരിയുടെ പ്രതികരണം. സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ കടുത്ത വിമർശനവും മധു മുല്ലശ്ശേരി നടത്തിയിരുന്നു.
സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ച മധു മുല്ലശേരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞിരുന്നു. മധു മുല്ലശേരിക്ക് എതിരെ 70 പരാതികൾ ലഭിച്ചിട്ടുണ്ട്. പേരെടുത്ത് പാർട്ടി സഖാക്കൾ എഴുതിയ കത്തുകളാണ് ലഭിച്ചതെന്നും വി. ജോയ് പറഞ്ഞു.