തിരുവനന്തപുരം: വഞ്ചിയൂർ റോഡിൽ ഒരു ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തി സിപിഐഎം ഏരിയ സമ്മേളനം നടത്തിയ സംഭവത്തിൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതുസമ്മേളന വേദിയിലുണ്ടായിരുന്നവരെയും പ്രതിചേര്‍ത്തോ എന്നത് ഉള്‍പ്പടെയുള്ള ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് പൊലീസ് മറുപടി നല്‍കും.
കൊച്ചി മരട് സ്വദേശി എന്‍ പ്രകാശ് നല്കിയ കോടതിയലക്ഷ്യ ഹര്‍ജി ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പൊലീസ് അനുമതിയില്ലാതെയാണ് സിപിഐഎം പൊതുസമ്മേളനത്തിനായി വഞ്ചിയൂരില്‍ സ്റ്റേജ് കെട്ടിയത്.
2010ലെ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണ് വഞ്ചിയൂരിലെ പൊതുവഴി തടഞ്ഞ് നടത്തിയ സിപിഐഎം ഏരിയാ സമ്മേളനവും ജോയിന്റ് കൗണ്‍സിലിന്റെ സമരവുമെന്നാണ് ഹര്‍ജിക്കാരന്റെ ആക്ഷേപം.ഹൈക്കോടതി ഉത്തരവ് ലംഘിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ കോടതിയലക്ഷ്യ നടപടികള്‍ക്ക് വിധേയരാക്കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
സെക്രട്ടറിയേറ്റ് നടയില്‍ സിപിഐയുടെ ഉദ്യോഗസ്ഥ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ വഴിതടഞ്ഞ് നടത്തിയ സമരത്തിലും സര്‍ക്കാരും തിരുവനന്തപുരം കോര്‍പ്പറേഷനും വിശദീകരണം നല്‍കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ തുടങ്ങിയവരാണ് കോടതിയലക്ഷ്യ കേസിലെ എതിര് കക്ഷികള്‍.