സിഎസ്ആര്‍ ഫണ്ടിന്‍റെ മറവിൽ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണൻ്റെ കസ്റ്റഡി അപേക്ഷയിലെ വിവരങ്ങൾ 24 ന്. പ്രതിക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമെന്ന് പൊലീസ് പറഞ്ഞു. കൂട്ടു പ്രതികൾ ഉന്നത ബന്ധമുള്ള രാഷ്ട്രീയ നേതാക്കളാണ്. ബന്ധുക്കളുടെ പേരിൽ പണം കൈമാറി. അനന്തു കൃഷ്ണന് കേരളത്തിന് പുറത്ത് ബിനാമി പേരിൽ സ്വത്തുക്കളുണ്ട്. തട്ടിയെടുത്ത പണം ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചുവെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. രണ്ട് കേസുകളിൽ കൂടി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
സാധാരണക്കാരെ പറ്റിച്ച് അനന്തു കൃഷ്ണൻ സമ്പാദിച്ച കോടികൾ പ്രധാനമായും നിക്ഷേപിച്ചത് ഭൂമി വാങ്ങിക്കൂട്ടാനാണ്. സഹോദരിയുടെയും അമ്മയുടെയും സഹോദരി ഭർത്താവിന്റെയും പേരിൽ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കർണാടകത്തിലുമായി വാങ്ങിയത്. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ ഭൂമി കണ്ടുകിട്ടാൻ ആണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അനന്തകൃഷ്ണൻ ജയിലിൽ പോയതിന് പിന്നാലെ അമ്മയും സഹോദരിയും അടക്കം വീടുപൂട്ടി മുങ്ങുകയും ചെയ്തു.
സാധാരണക്കാരന് പകുതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും കൊടുക്കാമെന്ന് വാഗ്ദാനം നൽകി വാങ്ങിയ പണം ഉപയോഗിച്ചാണ് അനന്തകൃഷ്ണൻ സഹോദരിയുടെയും അമ്മയുടെയും സഹോദരി ഭർത്താവിന്റെയും പേരിൽ കോടിക്കണക്കിന് രൂപയുടെ ഭൂമി സ്വന്തമാക്കിയത്. സഹോദരിയുടെ വീടിനു മുന്നിൽ 13 സെൻറ് സ്ഥലവും തൊട്ടടുത്തുതന്നെ ഒരേക്കർ റബ്ബർ തോട്ടവും, 33 സെൻ്റ് ഭൂമിയും ചോദിച്ച പണം കൊടുത്താണ് അനന്തകൃഷ്ണൻ വാങ്ങിയത്.പാലാ നഗരത്തിൽ കോടികൾ വിലവരുന്ന 40 സെൻറ് ഭൂമിയാണ് ആനന്ദകൃഷ്ണൻ അമ്മയുടെ പേരിൽ വാങ്ങിയത്. ഇതിനുപുറമേ പാലക്കാട് തെങ്ങിൻ തോട്ടവും, കർണാടകത്തിൽ മുന്തിരിത്തോട്ടവും തട്ടിപ്പ് പണം ഉപയോഗിച്ചു വാങ്ങി.മുൻപ് തന്നെ തട്ടിപ്പ് നടത്തി പരിചയമുള്ള ആളാണ് അനന്തകൃഷ്ണൻ എന്ന് നാട്ടുകാരും പറയുന്നു.
ഇതിനുപുറമേ തട്ടിപ്പ് പണം ഉപയോഗിച്ച് കാറുകളും ബൈക്കുകളും അടക്കം വാങ്ങിക്കൂട്ടിയിരുന്നു.ഇതിൽ മൂന്ന് കാറുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. 19 അക്കൗണ്ടുകളിലൂടെയാണ് തട്ടിപ്പ് പണം കൈകാര്യം ചെയ്തിരുന്നത് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഈ അക്കൗണ്ടുകൾ എല്ലാം പോലീസ് മരവിപ്പിച്ചു. തട്ടിപ്പ് കേസിൽ അനന്തകൃഷ്ണൻ അകത്തു പോയതിനു പിന്നാലെ വീട് പൂട്ടി അമ്മയും സഹോദരിയും അടക്കം മുങ്ങി. അമ്മയോടൊപ്പം താമസിച്ചിരുന്ന വീട് പൂട്ടിയിട്ട നിലയിലാണ് . മൂവാറ്റുപുഴ നഗരത്തിൽ തന്നെ മുഴുവൻ പണവും കൊടുത്ത് സ്വന്തമാക്കിയ രണ്ടു ഭൂമികളുടെ രജിസ്ട്രേഷൻ നടത്താനും അനന്തകൃഷ്ണൻ പദ്ധതി ഇട്ടിരുന്നു.ജയിലിൽ ആയതിനാൽ മാത്രമാണ് ഈ രജിസ്ട്രേഷൻ നടക്കാതെ പോയത്.തട്ടിപ്പ് പണം ഉപയോഗിച്ച് സ്വന്തമാക്കിയ ഈ ഭൂമിയെല്ലാം കണ്ടുകെട്ടാൻ അടുത്ത ദിവസം തന്നെ നടപടി ആരംഭിക്കുകയാണ് പോലീസിന്റെ നീക്കം.