സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ സ്വദേശി ജോസ് ഇടപ്പാറക്കലിനെയാണ് (63) മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷി നശിച്ചതിൽ മനോവിഷമത്തിലായിരുന്നു, സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും കുടുംബം പറയുന്നു.
ഇന്ന് ഉച്ചയോടെയാണ് വീടിനു സമീപത്തെ പറമ്പിൽ ജോസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
ഭൂമി പാട്ടത്തിനെടുത്താണ് ജോസ് കൃഷി ചെയ്തിരുന്നത്. രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന വാഴ കൃഷി പൂർണമായും നശിച്ചു. ഇതുമൂലം വൻ സാമ്പത്തിക നഷ്ടമുണ്ടായി. പ്രദേശത്തെ ഒരു സ്വയം സഹായ സംഘത്തിൽ നിന്നും ജോസ് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. ഇന്ന് ലോൺ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അത് ഉണ്ടായില്ല. ഇതുമൂലം മാനസികമായി ഏറെ വിഷമം നേരിട്ടതായും കുടുംബം പൊലീസിനോട് പറഞ്ഞു.