India News

സഹിക്കാനാവാത്ത വയറുവേദനയുമായി ചികിത്സ തേടിയെത്തിയ 22 വയസുകാരനായ യുവാവിന്റെ വയറിനുള്ളിൽ നിന്ന് താക്കോലുകളും കീ ചെയിനും കത്തിയും

പാറ്റ്ന: സഹിക്കാനാവാത്ത വയറുവേദനയുമായി ചികിത്സ തേടിയെത്തിയ 22 വയസുകാരനായ യുവാവിന്റെ വയറിനുള്ളിൽ നിന്ന് താക്കോലുകളും കീ ചെയിനും കത്തിയും ഉൾപ്പെടെയുള്ള സാധനങ്ങൾ പുറത്തെടുത്തു. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. നിരവധി ലോഹ വസ്തുക്കളാണ് യുവാവിന്റെ ശരീരത്തിലുണ്ടായിരുന്നതെന്നും ഇവയെല്ലാം നീക്കം ചെയ്തതോടെ യുവാവ് സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടർമാർ പറഞ്ഞു. ഞായറാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്.

മോതിഹാരി ജില്ലാ ആസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ഏതാനും ദിവസം മുമ്പാണ് യുവാവിനെ വീട്ടുകാർ കൊണ്ടുവന്നത്. കടുത്ത വയറുവേദനയായെന്നാണ് ഡോക്ടർമാരോട് യുവാവ് പറഞ്ഞത്. എക്സ്റേ എടുത്ത് നോക്കിയപ്പോൾ ശരീരത്തിനുള്ളിൽ നിരവധി ലോഹ വസ്തുക്കൾ കണ്ടെത്തിയതായി ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ. അമിത് കുമാർ പറഞ്ഞു. ആദ്യം ഒരു കീ ചെയിനാണ് വയറിനുള്ളിൽ കണ്ടെത്തിയത്. പിന്നീട് രണ്ട് താക്കോലുകളും നാല് ഇഞ്ചോളം വലിപ്പമുള്ള ഒരു കത്തിയും രണ്ട് നെയിൽ കട്ടറുകളും വയറിൽ നിന്ന് പുറത്തെടുത്തു. യുവാവിനോട് കാര്യം അന്വേഷിച്ചപ്പോൾ ലോഹ വസ്തുക്കൾ വിഴുങ്ങുന്ന ശീലം അടുത്തിടെയാണ് തുടങ്ങിയതെന്ന് ഇയാൾ ഡോക്ടർമാരോട് പറഞ്ഞു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും ചികിത്സയിലാണെന്നും ഡോക്ടർമാർ പറഞ്ഞു.

ഞായറാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ വിഴുങ്ങിയ വസ്തുക്കൾ ഡോക്ടർമാർ പുറത്തെടുത്തു. ഇതോടെ വേദന മാറി ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരികയാണ്. അടുത്ത ഏതാനും ദിവസങ്ങൾക്കകം യുവാവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ കഴിയുമെന്ന് ചികിത്സയ്ക്കും ശസ്ത്രക്രിയക്കും നേതൃത്വം നൽകിയ ഡോ അമിത് കുമാർ പറ‌ഞ്ഞു. മാനസിക പ്രശ്നങ്ങൾക്ക് യുവാവിന് തുടർന്നും ചികിത്സ നൽകും.

Related Posts

Leave a Reply