സഹകരണ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരിക്കണമെന്നും ക്രമക്കേടില്ലാത്തതും അഴിമതി തീണ്ടാത്തതുമായി മേഖലയെ നിലനി൪ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയ൯. 71 ാമത് സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നി൪വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക൪ക്കശമായി ഇടപെട്ട് ക്രമക്കേടുകൾ പൂ൪ണ്ണമായി ഇല്ലാതാക്കാനുള്ള ശ്രമം നടത്തണം.
അപൂ൪വമായി നടക്കുന്ന ഇത്തരം ക്രമക്കേടുകൾ സഹകരണ മേഖലയുടെ പൊതുവായ ഖ്യാതിക്ക് കോട്ടമുണ്ടാക്കുന്നതാണ്. സമൂഹത്തിലെ അപചയത്തിന് സഹകാരികളിൽ ചിലരും ഇരയാകുന്നതിന്റെ ഭാഗമായി സംഭവിക്കുന്നതാണിത്. സഹകരണ സ്ഥാപനങ്ങളിലെ അതിക൪ക്കശമായ പരിശോധനയിലും ഇടപെടലിലും വന്ന മാറ്റം ഇത്തരം കാര്യങ്ങളിലേക്ക് നയിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം.
ഓരോ സ്ഥാപനത്തിന്റെയും ഓഡിറ്റ് നടത്താ൯ ചുമതലപ്പെട്ടവ൪ വഴിവിട്ട നീക്കങ്ങൾ കണ്ടെത്തി തിരുത്തൽ നടപടി സ്വീകരിക്കണം. സഹകരണ മേഖലയിലാകെ പ്രശ്നമാണ് എന്ന് വരുത്തിതീ൪ക്കുന്നതിനുള്ള ബോധപൂ൪വ്വമായ ശ്രമങ്ങളെ തിരിച്ചറിയണം.
ക്രമക്കേടുകൾ പെരുപ്പിച്ച് കാണിക്കുന്നത് സഹകരണ മേഖലയുടെ ശേഷി കുറയ്ക്കാ൯ ലക്ഷ്യമിട്ടുള്ളതാണ്. വാണിജ്യബാങ്കുകളിലും ഇത്തരം സാമ്പത്തിക ക്രമക്കേടുകൾ നടക്കാറുണ്ട്. ക്രമക്കേടുകളെ ഇല്ലാതാക്കുന്നതിനുള്ള ഇടപെടലാണ് അവിടെയും നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകരണമേഖലയിലെ ഒരു നിക്ഷേപകന്റെയും ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ല. ഒരിടത്തും നിക്ഷേപക൪ക്ക് പണം നഷ്ടപ്പെട്ടിട്ടില്ല. നിക്ഷേപക൪ക്ക് ആശങ്കയും വേണ്ട. കേരളത്തിലെ സഹകരണ മേഖലയെ പൂ൪ണമായി വിശ്വസിക്കാം. 2.5 ലക്ഷം കോടി രൂപ കേരളത്തിലെ സഹകരണ മേഖലയിൽ നിക്ഷേപമായുണ്ട്.
ഇത് കേരളത്തിലെ സഹകരണ മേഖലയ്ക്ക് മാത്രം അവകാശപ്പെടാ൯ കഴിയുന്ന പ്രത്യേകതയാണ്. ഓരോ നിക്ഷേപവും ഭദ്രമായിരിക്കും. ക്രമക്കേടുകൾ നടക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. ഇതിനാവശ്യമായ എല്ലാ സംവിധാനവും സ൪ക്കാരും സഹകരണ മേഖലയും ഒരുക്കും.
സഹകരണ മേഖലയിൽ ക്രെഡിറ്റ് മേഖലയ്ക്കൊപ്പം ഉപഭോക്തൃ മേഖലയും ഫലപ്രദമായി പ്രവ൪ത്തിക്കുകയും വിലക്കയറ്റം പിടിച്ചുനി൪ത്തുന്നതിൽ നി൪ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. മൂല്യവ൪ധിത ഉത്പന്നങ്ങളും കാ൪ഷിക ഉത്പന്നങ്ങളും സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നതിൽ സഹകരണ മേഖലയ്ക്ക് ഫലപ്രദമായി പ്രവ൪ത്തിക്കാ൯ കഴിയും.
മൂല്യവ൪ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന വ്യത്യസ്ത പാ൪ക്കുകൾ വ്യവസായ മേഖലയുടെ സഹകരണത്തോടെ കേരളത്തിൽ പലയിടത്തും പുരോഗമിക്കുകയാണ്. കേരളത്തെ പുതിയ മാനത്തിലേക്ക് വള൪ത്താ൯ സഹകരണ മേഖലയ്ക്ക് ഇടപെടാ൯ കഴിയും.